ന്യൂഡൽഹി: കോവിഡ്-19 പടരുന്ന പശ്ചാത്തലത്തിൽ ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

“വരും ദിവസങ്ങളിൽ കേന്ദ്രമന്ത്രിമാർ ആരുംതന്നെ വിദേശ യാത്രകൾ നടത്തില്ല. ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആൾക്കൂട്ടം ചേരുന്ന പരിപാടികൾ ഒഴിവാക്കികൊണ്ട് സുരക്ഷിതത്വം ഉറപ്പുവരുത്താം.” മോദി ട്വീറ്റ് ചെയ്‌തു.

അതിനിടെ, ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 73 ആയി. ഡൽഹിയിൽ ആറ് ഇന്ത്യക്കാർക്കും ഹരിയാനയിൽ 14 വിദേശികൾക്കും രോഗം സ്ഥിരീകരിച്ചു. തെക്കേ ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട്. 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേർ രോഗവിമുക്തരായി. തമിഴ്നാട്ടിലും തെലങ്കാനയിലും പഞ്ചാബിലും ഓരോ ആൾക്ക് വീതവും കർണാടകയിൽ നാലു പേർക്കും രോഗം സ്ഥിരീകരിച്ചു.

കൊറോണ വൈറസ് ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തേക്കുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രിൽ 15 വരെ ഇന്ത്യയിലേക്ക് വിസ ലഭിക്കില്ല. അതിർത്തികൾ അടച്ചിടുന്നതിലൂടെ രോഗം പടരുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

Read Also: പനിയെ പ്രതിരോധിക്കാൻ സഹായിക്കുന്ന 5 സുഗന്ധ വ്യജ്ഞനങ്ങൾ

ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുള്ളവർക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. വെള്ളിയാഴ്ച മുതലായിരിക്കും വിസ വിലക്ക് നിലവിൽ വരുന്നത്. നയതന്ത്രം, ഔദ്യോഗികം, യുഎൻ അടക്കമുള്ള രാജ്യാന്തര ഏജൻസികൾ, തൊഴിൽ, പ്രോജക്ട് വിസകൾ ഒഴികെയുള്ളവയ്ക്കാണ് നിയന്ത്രണം വരുന്നത്. അടിയന്തരാവശ്യങ്ങൾക്ക് ഇന്ത്യയിലേക്കു വരേണ്ട വിദേശികൾക്ക് അതതിടത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്.

കൊറോണ പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ ഉപേക്ഷിക്കാനാണ് സാധ്യത. ഐപിഎൽ നടത്തരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ബിസിസിഐക്ക് ആലോചിച്ച് അന്തിമ തീരുമാനമെടുക്കാമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. ഐപിഎൽ മത്സരങ്ങൾ സാധാരണ പോലെ നടക്കുമെന്നാണ് ബിസിസിഐ അധ്യക്ഷൻ ഗാംഗുലി നേരത്തെ പറഞ്ഞിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook