കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. മമത ബാനർജി ബംഗാളിൽ ലോക്ക്ഡൗണ്‍ നീട്ടുന്നത് തങ്ങളുടെ പാർട്ടിയുടെ റാലികൾ തടയാനാണെന്ന് ബിജെപി അധ്യക്ഷൻ ആരോപിച്ചു.

“കൊറോണ അവസാനിച്ചു. എന്നാൽ, മമത ബാനർജി ലോക്ക്ഡൗണ്‍ നീട്ടുകയാണ്. അടുത്ത വർഷം ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ബിജെപിയുടെ യോഗങ്ങളും റാലികളും തടയാനാണ് മമത ലോക്ക്ഡൗണ്‍ നീട്ടുന്നത്,” ഹൂഗ്ലിയിൽ ബിജെപി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ ദിലീപ് ഘോഷ് പറഞ്ഞു. തങ്ങളെ ആർക്കും പിടിച്ചുനിർത്താൻ സാധിക്കില്ലെന്നും ദിലീപ് പറഞ്ഞു.
Read Also: ഫെയ്സ്ബുക്ക് പരസ്യത്തിന് മാത്രം 4.61 കോടി; ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യദാതാവ്
കഴിഞ്ഞ 24 മണിക്കൂറിനിടെ ബംഗാളിൽ 3,000 ത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊൽക്കത്ത പൊലീസ് കമ്മിഷണർ അനുജ് ശർമയ്ക്ക് അടക്കം 41 പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധ അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കോവിഡ് അവസാനിച്ചു എന്ന ബിജെപി അധ്യക്ഷന്റെ അവകാശവാദം.
പശ്ചിമ ബംഗാളിൽ അടുത്ത വർഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് ബംഗാളിൽ രാഷ്ട്രീയ പോരാട്ടം ശക്തമാകുക. മമത സർക്കാരിനെ താഴെയിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായും വെല്ലുവിളിച്ചിരുന്നു.