ന്യൂഡൽഹി: പതിനൊന്ന് മണിക്കൂറാണ് രാജ്യ തലസ്ഥാനം അസാധാരണ സമരത്തിന് സാക്ഷ്യം വഹിച്ചത്. ഒടുവിൽ,പൊലീസുകാര്‍ നടത്തിയ അസാധാരണ സമരം അവസാനിപ്പിച്ചു. ന്യൂഡല്‍ഹിയില്‍ പൊലീസ് ആസ്ഥാനത്തിനു മുന്നിലായിരുന്നു പ്രതിഷേധം സമരം നടന്നത്. തീസ് ഹസാരി കോടതി വളപ്പിൽ പൊലീസുകാരെ അക്രമിച്ച അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസുകാർ തെരുവിൽ ഇറങ്ങിയത്. സമരത്തിലേർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോട് ജോലിയിൽ പ്രവേശിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ നിർദേശം നൽകിയിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
നൂറോളം പൊലീസുകാരാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. ഉച്ചയോടെ സമരത്തിനു പിന്തുണ വർധിക്കുകയായിരുന്നു. ആയിരക്കണക്കിനു പൊലീസുകാർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തി. തീസ് ഹസാരി കോടതിയിൽ പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. അനുനയ നീക്കങ്ങളുമായി ഉന്നത ഉദ്യോഗസ്ഥർ എത്തിയെങ്കിലും ആദ്യം സമരക്കാർ വഴങ്ങിയില്ല.
യൂണിഫോമിനൊപ്പം കറുത്ത റിബണുകളും പ്ലക്കാർഡുകളും പിടിച്ചായിരുന്നു പൊലീസ് പ്രതിഷേധം. ശനിയാഴ്ചയായിരുന്നു തീസ് ഹസാരി കോടതി വളപ്പിൽ പാർക്കിങ്ങിനെ ചൊല്ലി പൊലീസും അഭിഭാഷകരും ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ ഉണ്ടായ വെടിവയ്പ്പിൽ ഒരു അഭിഭാഷകന് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനു 25,000 രൂപ അടിയന്തര ധനസഹായം നൽകാമെന്നും എല്ലാ പൊലീസുകാരും ജോലിയിൽ പ്രവേശിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.
തീസ് ഹസാരി കോടതിയിലുണ്ടായ പ്രശ്നങ്ങളെ തുടർന്നു കേസ് കോടതിയിലെത്തിയെങ്കിലും അഭിഭാഷകരെ അറസ്റ്റു ചെയ്യരുതെന്നാണ് കോടതി വിധി. അഭിഭാഷകരെ അറസ്റ്റു ചെയ്യണമെന്നാണ് സമരം നടത്തിയ പൊലീസുകാരുടെ ആവശ്യം. കോടതി വിധി തിരുത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും പൊലീസ് പറയുന്നു. അഭിഭാഷകരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി വിധി പിൻവലിക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം.
ഡല്‍ഹി പൊലീസ് പ്രക്ഷോഭത്തില്‍ ഹരിയാന, ബിഹാര്‍ പൊലീസുകാര്‍ പങ്കുചേർന്നു. തമിഴ്നാട്, കര്‍ണാടക, ബിഹാര്‍, ഹരിയാന, പൊലീസ് സംഘടനകളും കേരള ഐപിഎസ്, ഡല്‍ഹി ഐഎഎസ് അസോസിയേഷനുകളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഡൽഹിയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രതിഷേധവുമായി പൊലീസ് ഉദ്യോഗസ്ഥർ തെരുവിലിറങ്ങുന്നത്.പൊലീസുകാരുടെ കുടുംബാംഗങ്ങൾ ഇന്ത്യാഗേറ്റ് പരിസരത്തും പ്രതിഷേധവുമായി എത്തി.ഒടുവിൽ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പൊലീസ് കമ്മീഷണര്‍ ഉറപ്പുനൽകിയതോടെയാണ് രാത്രി എട്ടുമണിയോടെ സമരം അവസാനിപ്പിച്ചത്.