സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ 19 പെണ്‍ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. ഫെബ്രുവരി 28ന് ഗര്‍ഭച്ഛിദ്രത്തിനിടെ 26കാരി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയാണ് മൈസാല്‍ ഗ്രാമത്തിലെ ഒരു അരുവിക്ക് അടുത്ത് എത്തിയത്. ഇവിടെയാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. സ്‌കാനിങില്‍ പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞശേഷം ഗര്‍ഭം അലസിപ്പിച്ചതാവാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.
പെണ്‍ഭ്രൂണഹത്യക്ക് ആശുപത്രികളും ഒത്താശ ചെയ്യുന്നുണ്ടെന്നാണ് മനസ്സിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം റാക്കറ്റുകള്‍ക്കെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോ. ബാബാസാഹിബ് ഖിദ്രാപൂരെ എന്നയാളുടെ ആശുപത്രിയില്‍ നിന്നാണ് ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി മരിച്ചത്. തുടര്‍ന്നാണ് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഭര്‍ത്താവാണ് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇവരുടെ മൂന്നാമത്തെ കുഞ്ഞും പെണ്ണായതാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ കാരണമെന്ന് മരിച്ച യുവതിയുടെ പിതാവ് പറയുന്നു. യുവതിയുടെ ഭര്‍ത്താവിനും ഡോക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഡോക്ടര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.