റാംപൂര്‍ : തന്നെ ബലാത്സംഗം ചെയ്ത പ്രതികളില്‍ നിന്നും സംരക്ഷണം തേടി പൊലീസിനെ സമീപിച്ച കൂട്ട ബലാത്സംഗ ഇരയോട് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടു. റാംപൂരിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ ചെന്ന 37 കാരിയോടാണ് നടപടിയെടുക്കണമെങ്കില്‍ ആദ്യം കൂടെ കിടക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

തന്നെ ബലാത്സംഗത്തിനിരയാക്കിയ യുവാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവം. കുറ്റവാളികള്‍ തന്റെ ജീവൻ അപായപ്പെടുത്തുമെന്ന് പറഞ്ഞ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ നടപടിയെടുക്കാന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജെയ് പ്രകാശ് സിംഗ് ആദ്യം കൂട്ടാക്കിയില്ല. തുടര്‍ന്ന് വീണ്ടും പരാതിയുമായി സമീപിച്ചപ്പോഴാണ് കൂടെ കിടക്കാന്‍ പറഞ്ഞത്. ഇന്‍സ്‌പെക്ടറുടെ ഈ സംഭാഷണം പെൺകുട്ടി റെക്കോഡ് ചെയ്തു. തെളിവുമായി എസ്‌പി ഓഫീസിലെത്തി പെൺകുട്ടി പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇയാൾക്കെതിരെ അന്വേഷണത്തിന് എസി‌പി ഉത്തരവിട്ടിട്ടുണ്ട്.

ഒരു ബന്ധുവിനെ കണ്ടു റാംപൂര്‍ നഗരത്തിലെ വീട്ടിലേക്ക് മടങ്ങുന്ന രാത്രിയിലായിരുന്നു നാട്ടുകാരനായ ഒരു യുവാവ് ഉള്‍പ്പെട്ട രണ്ടംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തത്. മോട്ടോര്‍ ബൈക്കില്‍ വരികയായിരുന്നു സംഘം വീട്ടിലേക്ക് യുവതിക്ക് ലിഫ്റ്റ് കൊടുക്കുകയും വീട്ടില്‍ ചെന്നപ്പോള്‍ ആരുമില്ലെന്ന് മനസ്സിലായതിനെ തുടര്‍ന്ന് തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് യുവതി കോടതിയുടെ സഹായത്താലാണ് കേസെടുപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook