ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു. സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോള്‍ദുരൈ (56) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു മരണം.
കേസില്‍ സിഐഡിയും സിബിഐയും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലായതിനു പിന്നാലെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ 24നാണ് പോള്‍ദുരൈയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ശരിയായ ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്ന പോള്‍ദുരൈയുടെ നില ശനിയാഴ്ചയോടെ വഷളാകുകയായിരുന്നു.
Read More: തൂത്തുക്കുടി കസ്റ്റഡി മരണം: എസ്ഐ അറസ്റ്റിൽ; പൊലീസുകാർക്കെതിരേ കൊലക്കുറ്റം ചുമത്തി
തൂത്തുക്കുടി സ്വദേശികളായ ജയരാജ് (58) മകൻ ബെനിക്സ് (31) എന്നിവരുടെ കസ്റ്റഡി മരണ കേസില്‍ ഇൻസ്പെക്ടറും, എസ്ഐയും ഉൾപ്പടെ അഞ്ച് പൊലീസുകാർ കേസിൽ റിമാൻഡിലായിരുന്നു. ജയരാജിനെയും ബെനിക്സിനെയും പൂർണ്ണ നഗ്നരാക്കി ലോക്കപ്പിൽ തള്ളി അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസിനെതിരേ ഉയർന്ന ആരോപണം. മൊബൈൽ കട നടത്തുന്ന ഇരുവരും, ലോക്ക് ഡൌൺ കാലത്ത് എട്ടു മണിയോടെ അടക്കേണ്ട അവരുടെ മൊബൈൽ കട എട്ടു മണി കഴിഞ്ഞു പതിനഞ്ചു മിനുറ്റ് വരെ തുറന്നു വെച്ചിരുന്നു എന്നതാണ് കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് പോലീസിന്റെ വിശദീകരണം.
ബീറ്റ് പട്രോളിംഗിന് വന്ന പൊലീസ് കോൺസ്റ്റബിൾ അച്ഛൻ ജയരാജിനെ കസ്റ്റഡിയിൽ എടുക്കുകയും അച്ഛനെ തേടി സ്റ്റേഷനിൽ ചെന്ന മകൻ ഫീനിക്സിനെയും അവർ പിന്നാലെ ലോക്കപ്പിൽ അടക്കുകയുമായിരുന്നു. ജൂണ്‍ 19നായിരുന്നു ഇത്. തുടര്‍ന്നു രണ്ടു ദിവസത്തോളം ക്രൂര പീഡനങ്ങങ്ങള്‍ക്കിരയായി ഇരുവരും മരിക്കുകയായിരുന്നു. ബെനിക്സ് ജൂണ്‍ 22നും ജയരാജ് ജൂണ്‍ 23നുമാണ് മരിക്കുന്നത്.
അറസ്റ്റ് ചെയ്ത രാത്രി ജയരാജനെയും ബെനിക്സിനെയും പൊലീസുകാർ ലാത്തി കൊണ്ട് ക്രൂരമായി മർദിച്ചെന്ന് സ്റ്റേഷനിലെ വനിത കോൺസ്റ്റബിൾ മൊഴി നൽകിയിരുന്നു.
വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി സിബിഐ ഏറ്റെടുക്കുന്നത് വരെ അന്വേഷണം നടത്തണമെന്ന മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്.