പൂനെ: കോവിഡ് കേസ് ലോഡ് താരതമ്യേന കുറവുള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുചാടുന്നതിടെ, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘങ്ങളെ അയച്ച് കേന്ദ്രസര്‍ക്കാര്‍.

ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുണ്ടാകുന്നത്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ കുറയുകയോ അതല്ലെങ്കില്‍ അതേപോലെ തുടരുകയോ ചെയ്യുമ്പോഴാണു പുതിയ പ്രവണത പ്രകടമാകുന്നത്.

ഏറ്റവും കൂടുതല്‍ കേസ് ലോഡുകളുള്ള ആദ്യ 10 സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ് മാത്രമാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സജീവ കേസുകളില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തത്. അതും അഞ്ഞൂറില്‍ താഴെ മാത്രം.

ഡല്‍ഹിയും കേരളവും ഓരോ ദിവസവും പരമാവധി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണെങ്കിലും ‘വളര്‍ച്ചയുടെ കൊടുമുടി’ ഉപേക്ഷിച്ചതായാണ് തോന്നുന്നത്. ഇരുസംസ്ഥാനങ്ങളിലും സജീവ കേസുകള്‍ കുറയുകയാണ്.

Also Read: ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് മലപ്പുറത്ത്; കുറവ് കാസർഗോട്ട്

കൃത്യമായി പറഞ്ഞാല്‍ ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവ കൂടുതല്‍ രോഗികളുള്ള 10 സംസ്ഥാനങ്ങളുടെ പട്ടികയിലുള്ള മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ളവയേക്കാള്‍ വളരെ കുറവ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് അവര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണ്.

പുതിയ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്ക് ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘങ്ങളെ അയച്ചു. സമാനസംഘങ്ങളെ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, ഛത്തീസ് ഗഡ് എന്നിവിടങ്ങളിലേക്ക് അയച്ചിരുന്നു.

ദേശീയതലത്തില്‍ 0.45 ശതമാനമാണ് പ്രതിദിന കോവിഡ് വളര്‍ച്ചാനിരക്ക്. പരമാവധി കേസ് ലോഡുകളുള്ള പത്ത് സംസ്ഥാനങ്ങളില്‍, ഡല്‍ഹി, കേരളം, പശ്ചിമ ബംഗാള്‍ എന്നിവ മാത്രമാണ് ഇപ്പോള്‍ ദേശീയ നിരക്കിനേക്കാള്‍ വേഗത്തിലുള്ള വളര്‍ച്ച കാണിക്കുന്നത്. മറുവശത്ത്, അടുത്ത 20 സംസ്ഥാനങ്ങളില്‍ 14 എണ്ണത്തിനും ദേശീയ നിരക്കിനേക്കാള്‍ വേഗത്തിലുള്ള വളര്‍ച്ചാ നിരക്ക് ഉണ്ട്.

Also Read: മുൻനിര കോവിഡ് വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണ്? എന്ന് ലഭ്യമാവും?

അതേസമയം, രണ്ടു മാസമായി രാജ്യത്ത് സജീവ കേസുകളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണ്. സെപ്റ്റംബര്‍ 19ന് സജീവ കേസുകളുടെ എണ്ണം 10.17 ലക്ഷമായി രുന്നവെങ്കില്‍ ഇപ്പോളത് 4.4 ലക്ഷമാണ്. എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ രണ്ടിലും സജീവ കേസുകളുടെ എണ്ണത്തില്‍ ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ പുതുതായുണ്ടായ കുതിപ്പാണ് ഇതിനു കാരണം.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സജീവ കേസുകളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത് രാജസ്ഥാനിലാണ്. 5,600 ല്‍ കൂടുതലാണ് വര്‍ധന. ഹരിയാന, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളും പിന്നാലെയുണ്ട്. ശനിയാഴ്ച, രാജസ്ഥാനില്‍ ആദ്യമായി ഒരു ദിവസം മൂവായിരത്തിലധികം പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച 3,260 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

മൊത്തം കേസ് ലോഡ് 35,000 ല്‍ താഴെയുള്ള ഹിമാചല്‍ പ്രദേശില്‍ രണ്ടാഴ്ചയായി എല്ലാ ദിവസവും ശരാശരി 650 കേസുകള്‍ സ്ഥിരീകരിക്കുന്നു. ഈ മാസത്തിന് മുമ്പ് ഒരു ദിവസം 460 ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച 915 പുതിയ കേസുകള്‍ കണ്ടെത്തി. ഈ മാസം ആരംഭിച്ചതോടെ സജീവ കേസുകളുടെ എണ്ണം ഏകദേശം മൂവായിരത്തില്‍നിന്ന് ഏഴായിരത്തിലേറെയായി കുതിച്ചുയര്‍ന്നു.

Also Read: കോവിഡ് രോഗികളിൽ വരുന്ന ഗില്ലൻ ബാരെ സിൻഡ്രോം എന്താണ്? അറിയേണ്ടതെല്ലാം

എക്കാലത്തെയും ഉയര്‍ന്ന പ്രതിദിന വളര്‍ച്ചയാണ് വെള്ളിയാഴ്ച ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായി മൂവായിരത്തിലധികം കേസുകള്‍ കണ്ടെത്തി. ഇവിടെയും സജീവ കേസുകളുടെ എണ്ണം ഒരു മാസത്തിനിടെ ഏകദേശം ഇരട്ടിയായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ സംഭാവന ചെയ്ത അഞ്ച് സംസ്ഥാനങ്ങളില്‍ ഹരിയാന ഉള്‍പ്പെടുന്നു.

ഹിമാചല്‍ പ്രദേശിലെ ആദ്യത്തെ പ്രധാന കുതിച്ചുചാട്ടമാണിതെങ്കിലും ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രണ്ടാം തരംഗം നേരിടുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയവയാണ് ഈ സംസ്ഥാനങ്ങള്‍. കൂടാതെ പരമാവധി കേസ് ലോഡുകളുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിലും ഇവ ഇടംപിടിച്ചു. ഈ സംസ്ഥാനങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നതിന്റെ ഒരു കാരണം ഉത്സവ സീസണില്‍ ശാരീരിക അകലം പാലിക്കല്‍ കുറവായതായിരിക്കാം.

അതേസമയം, രണ്ടാമത്തേതും തുടര്‍ന്നുള്ളമുള്ള തരംഗങ്ങള്‍ ആദ്യത്തേതിനേക്കാള്‍ മോശമാകുമെന്ന് ഡല്‍ഹിയിലെയും കേരളത്തിലെയും സാഹചര്യങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഹരിയാന, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആദ്യ തരംഗത്തിലെ ഏറ്റവും മോശം ദിവസങ്ങളിലേക്കാള്‍ വളരെ കൂടുതല്‍ പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook