/indian-express-malayalam/media/media_files/Dt1IKJrUvQf8aiGPTFgw.jpg)
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സവർണ വിഭാഗത്തിന് (ഇഡബ്ല്യുഎസ്) സംവരണം ഏർപ്പെടുത്തി ഏകദേശം നാല് വർഷത്തിന് ശേഷം, ഈ ക്വാട്ടയിൽ കേന്ദ്രസർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർമാരുടെയും പ്രൊഫസർമാരുടെയും മിക്കവാറും എല്ലാ ഫാക്കൽറ്റി തസ്തികകളും ഒഴിഞ്ഞു കിടക്കുന്നതായി ഇന്ത്യൻ എക്സ്‌പ്രസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ചരേഖകൾ വ്യക്തമാക്കുന്നു. കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള രണ്ട് യോഗ്യതാ മാനദണ്ഡങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം കാരണമാണ് ഈ തസ്തികകൾ നാല് വർഷത്തോളമായി നികത്താനാകാതെ കിടക്കുന്നത്.
2023 ജൂലൈ 1 വരെ, അനുവദിച്ച സവർണ സാമ്പത്തിക സംവരണ ഫാക്കൽറ്റി തസ്തികകളുള്ള 35 കേന്ദ്ര സർവ്വകലാശാലകളിൽ, ഡൽഹി യൂണിവേഴ്സിറ്റി (DU), ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി (HCU), അലഹബാദ് യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളടക്കം 31 എണ്ണത്തിലും ഒരു തസ്തികയിൽ പോലും നിയമനം നടത്തിയിട്ടില്ല. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തലത്തിൽ. ഇതുകാരണം 380 ഓളം അധ്യാപക തസ്തികകൾ നികത്താതെ അവശേഷിക്കുന്നു, ഇത് അധ്യാപക ക്ഷാമം രൂക്ഷമാക്കുകയും പഠനം അവതാളത്തിലാക്കുകയും ചെയ്യുന്നു.
നിയമനം നടത്തുന്നതിനായി കേന്ദ്രസർവകലാശാലകള്‍ പല തവണ അധ്യാപക നിയമന നടപടികൾ സ്വീകരിച്ചുവെങ്കിലും നിയമനം നടത്താനായിട്ടില്ല.
ഉന്നതവിദ്യാഭ്യാസ റെഗുലേറ്റിങ് സംവിധാനമായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (UGC) അധ്യാപക നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും കേന്ദ്ര സർക്കാർ ജോലികളിലെ സവർണ സാമ്പത്തിക സംവരണ (EWS) ക്വാട്ട യോഗ്യതയ്ക്കുള്ള വ്യവസ്ഥകളും തമ്മിലുള്ള വൈരുദ്ധ്യമാണ് ഈ ഒഴിവുകൾ നികത്തുന്നതിന് തടസമാകുന്നത്.
ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ് (DoPT) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സവർണ സാമ്പത്തിക സംവരണ (EWS) വിഭാഗത്തിൽ ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള ഒരു തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഒരാൾക്ക് കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ താഴെയോ അതിന് തുല്യമോ ആയിരിക്കണം. യു ജി സി നിയമ പ്രകാരം, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തലങ്ങളിൽ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് യോഗ്യത നേടുന്നതിന്, ഒരു ഉദ്യോഗാർത്ഥി കുറഞ്ഞത് എട്ട് വർഷമെങ്കിലും അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരിക്കണം. എന്നാൽ, എട്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ള അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളം പ്രതിവർഷം എട്ടുലക്ഷം രൂപ കവിയുന്നു. ഈ വൈരുദ്ധ്യം എല്ലാവരേയും അസോസിയേറ്റ് പ്രൊഫസറോ പ്രൊഫസറോ ആയി റിക്രൂട്ട്‌മെന്റിന് അയോഗ്യരാക്കുന്നു.
അതേസമയം, പ്രാരംഭ തല (എൻട്രി ലെവൽ) തസ്തികയായ അസിസ്റ്റന്റ് പ്രൊഫസർ തലത്തിലുള്ള റിക്രൂട്ട്മെന്റിനെ ഇത് ബാധിക്കില്ല. പ്രാരംഭ തലത്തിലെ തസ്തികയിലേക്ക് അപേക്ഷിക്കുന്ന സവർണ സംവരണ (EWS) അപേക്ഷകർക്ക് കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയ്ക്ക് തുല്യമോ അതിൽ കുറവോ ആകാനുള്ള സാധ്യതയുണ്ടാകും.
എന്നാൽ അസിസ്റ്റന്റ് പ്രൊഫസർ തലത്തിലോ പോലും, 35 കേന്ദ്ര സർവ്വകലാശാലകളിൽ സവർണ സാമ്പത്തിക സംവരണം (EWS) ആരംഭിച്ചതിന് ശേഷമുള്ള നാല് വർഷത്തിനുള്ളിൽ, അനുവദിച്ച മൂന്ന് വീതം തസ്തികകളിൽ ഒന്ന്, അതായത് 64.4% ഒഴിഞ്ഞുകിടക്കുന്നു. താരതമ്യപ്പെടുത്തുമ്പോൾ, 46 കേന്ദ്ര സർവ്വകലാശാലകളിലും കൂടി പൊതുവിഭാഗത്തിൽ (ജനറൽ കാറ്റഗറി) 893 അതായത് 14% തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു, പട്ടികജാതി വിഭാഗത്തിൽ (SC) ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ എണ്ണം 266 ആണ്. അതായത് 20ശതമാനം, പട്ടികവർഗ വിഭാഗത്തിൽ (ST) 161 തസ്തികകൾ അതായത് 23 ശതമാനം ഒഴിഞ്ഞു കിടക്കുന്നു, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (OBC) കാര്യത്തിൽ 681 തസ്തികകൾ അഥവാ 29 ശതമാനം ഒഴിഞ്ഞുകിടക്കുന്നു.
സവർണ സംവരണ വിഭാഗത്തിൽ ഒരു അസോസിയേറ്റ് പ്രൊഫസറെയും പ്രൊഫസറെയും റിക്രൂട്ട് ചെയ്യാൻ സാധിക്കാത്ത 28 കേന്ദ്ര സർവകലാശാലകളുമായി ഇന്ത്യൻ എക്സ്പ്രസ് ബന്ധപ്പെട്ടു. വൈരുദ്ധ്യം കാരണം അത്തരം തസ്തികകൾ നികത്താൻ കഴിയില്ലെന്ന് 13 പേർ വ്യക്തമാക്കി. ചിലർ ഈ വിഷയം വിദ്യാഭ്യാസ മന്ത്രാലയത്തിന് മുമ്പാകെ എത്തിക്കുകയും ചെയ്തു.
“ഇഡബ്ല്യുഎസ് ക്വാട്ടയ്ക്ക് കീഴിൽ, കുടുംബത്തിന്റെ ആകെ വരുമാനം പ്രതിവർഷം എട്ട് ലക്ഷം രൂപ ആയിരിക്കണം, എന്നാൽ ഒരാൾ അസോസിയേറ്റ് പ്രൊഫസറാകുമ്പോൾ, വരുമാനം എട്ട് ലക്ഷത്തിൽ കൂടുതലായിരിക്കുമെന്ന് പറഞ്ഞു. അവർ ഈ സംവരണത്തിന് കീഴിൽ അപേക്ഷിക്കാൻ യോഗ്യരല്ല. ഗവൺമെന്റും ഈ പ്രശ്നത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു, ഭാവിയിൽ ഇതിൽ ഒരു ഭേദഗതി വരുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ അതിനിടയിൽ, ഈ ക്വാട്ടയിൽ നിയമനങ്ങൾ സാധ്യമല്ല." ഡൽഹി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ യോഗേഷ് സിങ് പറഞ്ഞു.
ഡൽഹി സർവകലാശാലയിൽ സവർണ സംവരണ ക്വാട്ടയിൽ 26 പ്രൊഫസർ തസ്തികകളും അസോസിയേറ്റ് പ്രൊഫസർ തലത്തിൽ 64 തസ്തികകളും അനുവദിച്ചിട്ടുണ്ട്. എല്ലാം ഒഴിഞ്ഞുകിടക്കുകയാണ്.
മറ്റൊരു പ്രശസ്ത സ്ഥാപനമായ അലഹബാദ് സർവകലാശാലയുടെ സവർണ സംവരണ ക്വാട്ടയ്ക്ക് കീഴിലുള്ള 27 അധ്യാപക തസ്തികകൾ നികത്തിയിട്ടില്ല. യൂണിവേഴ്സിറ്റിയിലെ റിക്രൂട്ട്മെന്റ് സെൽ മേധാവി പ്രൊഫസർ ധനഞ്ജയ് യാദവ് ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു, "യുജിസിയും ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളും തമ്മിലുള്ള വൈരുദ്ധ്യം തുടക്കം മുതൽ തന്നെ പ്രകടമായിരുന്നു."
“സാമ്പത്തിക സംവരണ (റിക്രൂട്ട്‌മെന്റ്) മായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങിയപ്പോഴും ഞങ്ങൾ ഇതേക്കുറിച്ചുള്ള സംശയങ്ങൾ ഉന്നയിച്ചു. മൊത്തം കുടുംബ വരുമാനമാണ് സവർണ സാമ്പത്തിക സംവരണത്തിൽ കണക്കാക്കുന്നത്. എട്ട് ലക്ഷത്തിൽ താഴെയോ അതിന് തുല്യമോ വരുമാനമുള്ള ഒരു ഉദ്യോഗാർത്ഥിയെ എങ്ങനെ കണ്ടെത്താനാകും? അദ്ദേഹം ചോദിച്ചു. അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നീ അദ്ധ്യാപക തസ്തികകളിലേക്ക് നിയമിക്കുന്നതിനുള്ള വിജ്ഞാപനം 2021 സെപ്റ്റംബറിലാണ് യൂണിവേഴ്സിറ്റി അവസാനമായി പുറപ്പെടുവിച്ചത്.
2023 ജൂണിൽ റിക്രൂട്ട്‌മെന്റ് പ്രവർത്തനം അവസാനിച്ചു, സാമ്പത്തിക സംവരണ (EWS) വിഭാഗത്തിന് കീഴിലുള്ള അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് യോഗ്യരായ ആരെയും കണ്ടെത്താൻ സർവകലാശാലയ്ക്ക് കഴിഞ്ഞില്ല. പ്രശ്നത്തിന്റെ സർവ്വവ്യാപ്തി എടുത്തുകാട്ടി "എല്ലാ കേന്ദ്ര സർവ്വകലാശാലകളും ഒരേ പ്രശ്നത്താൽ ബുദ്ധിമുട്ടുന്നു," എന്ന് ധനഞ്ജയ് യാദവ് പറഞ്ഞു.
സാമ്പത്തിക സംവരണം വഴിയുള്ള ക്വാട്ട പ്രഖ്യാപിച്ച സമയത്ത് തന്നെ ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നുവെന്ന് വിശ്വഭാരതി സർവകലാശാലയിലെ പേരുവെളിപ്പെടുത്താൻ വിസമ്മതിച്ച ഒരു ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു. എന്നാൽ, സർക്കാർ ഉത്തരവ് പാലിക്കാൻ സർവകലാശാലയ്ക്ക് നിർദേശം നൽകുകയാണുണ്ടായത്. അതിന് ശേഷം മന്ത്രാലയത്തിൽ നിന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ വൈരുദ്ധ്യം എങ്ങനെ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് അയച്ച ഇമെയിലുകളോട് വിദ്യാഭ്യാസ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. യുജിസി ചെയർമാൻ ജഗദേഷ് കുമാറുമായി ഫോണിലും മെസേജ് വഴിയും ബന്ധപ്പെട്ടുവെങ്കിലും ഇതിന് മറുപടി ലഭിച്ചില്ല. എന്നാൽ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഒരു ഉദ്യോഗസ്ഥൻ, ഈ വിഷയത്തിൽ അഭിപ്രായം തേടി മന്ത്രാലയം ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ്ങിന് ( DoPT) ഒരു കത്ത് അയച്ചതായി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “റിക്രൂട്ട്‌മെന്റിന്റെ മാനദണ്ഡങ്ങൾക്ക് DoPT യുടെ മേൽനോട്ടം ഉണ്ട്. ഇക്കാര്യത്തിൽ അവരുടെ അഭിപ്രായം തേടി ഞങ്ങൾ അവർക്ക് ഒരു കത്ത് എഴുതിയിട്ടുണ്ട്. പ്രതികരണം കാത്തിരിക്കുകയാണ്,” ഉദ്യോഗസ്ഥൻ പറഞ്ഞു.
35 കേന്ദ്ര സർവ്വകലാശാലകളിൽ നാലെണ്ണം - ഛത്തീസ്ഗഡിലെ ഗുരു ഘാസിദാസ് വിശ്വവിദ്യാലയ (ജിജിവി), കേന്ദ്ര സംസ്കൃത സർവ്വകലാശാല, മഹാത്മാഗാന്ധി അന്തരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം, ബനാറസ് ഹിന്ദു സർവ്വകലാശാല (ബിഎച്ച്‌യു) എന്നിവയ്ക്ക് അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തലത്തിൽ സവർണ സംവരണ ഫാക്കൽറ്റി തസ്തികകളിൽ ചിലത് നികത്താൻ കഴിഞ്ഞു. ഘാസിദാസ് വിശ്വവിദ്യാലയ (GGV)യിൽ മുന്നാക്ക സാമ്പത്തിക സംവരണ ക്വാട്ടയിൽ മൂന്ന് അസോസിയേറ്റ് പ്രൊഫസർമാരെ നിയമിച്ചപ്പോൾ, കേന്ദ്ര സംസ്‌കൃത സർവ്വകലാശാലയും മഹാത്മാഗാന്ധി അന്തരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയവും അസോസിയേറ്റ് പ്രൊഫസർ തലത്തിൽ ഒരാളെ വീതവും ബി എച്ച് യു രണ്ട് പേരെയും നിയമിച്ചിട്ടുണ്ട്.
സവർണ സംവരണ ക്വാട്ടയിൽ പ്രൊഫസർ സ്ഥാനത്തേക്ക് ഘാസിദാസ് വിശ്വവിദ്യാലയയിൽ മൂന്ന് ഉദ്യോഗാർത്ഥികളെ നിയമിച്ചിട്ടുണ്ടെന്ന് എക്സ്പ്രസ്സിന് ലഭിച്ച ഡാറ്റ കാണിക്കുന്നു. ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളിലെ വൈരുദ്ധ്യങ്ങൾക്കിടയിലും ഉദ്യോഗാർത്ഥികളെ എങ്ങനെ നിയമിക്കാൻ സാധിച്ചു എന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് ജിജിവിയോ കേന്ദ്ര സംസ്‌കൃത സർവകലാശാലയോ പ്രതികരിച്ചില്ല.
അസോസിയേറ്റ് പ്രൊഫസർ തലത്തിൽ യോഗ്യതയുള്ള രണ്ട് ഉദ്യോഗാർത്ഥികളെ ബനാറാസ് സർവകലാശാല കണ്ടെത്തിയതായി പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു, നിയമനം ലഭിച്ചവർ അവരുടെ മുൻ ജോലിയിൽ അഡ്‌ഹോക്ക് അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നതിനാൽ അവർ മുന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണ വരുമാന പരിധിയുടെ മാനദണ്ഡം പാലിച്ചു എന്ന് അദ്ദേഹം അവകാശപ്പെട്ടു.
“അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിന്, ഉദ്യോഗാർഥിക്ക് കുറഞ്ഞത് എട്ട് വർഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. ഈ പരിചയം ഏത് രൂപത്തിലും ആകാം, അത് ഒരു മുഴുവൻ സമയ കരാർ അടിസ്ഥാനത്തിലാകാം. കുറഞ്ഞ വരുമാനം ലഭിക്കുന്ന അഡ്‌ഹോക്ക്, കരാർ അടിസ്ഥാനത്തിലുള്ള പ്രൊഫസർമാരെയാണ് ഈ തസ്തികകളിൽ നിയമിച്ചിരിക്കുന്നത്. രണ്ട് സ്ഥാനാർത്ഥികളുടെ നിയമനത്തിൽ, സർക്കാർ നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും ബിഎച്ച്‌യു പാലിച്ചു, ”ബിഎച്ച്‌യു ഉദ്യോഗസ്ഥൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.