ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി ശിക്ഷ വിധിച്ചു. ഒരു രൂപ പിഴയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങൾ. സെപ്റ്റംബർ 15 നകം ഒരു രൂപ പിഴയൊടുക്കുക അല്ലെങ്കിൽ മൂന്ന് മാസം ജയിൽ ശിക്ഷയും മൂന്ന് വർഷത്തേക്ക് അഭിഭാഷകവൃത്തിയിൽ നിന്നു വിലക്കുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്കെതിരെ നടത്തിയ ട്വീറ്റുകളിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രശാന്ത് ഭൂഷൺ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്ന് ഓഗസ്റ്റ് 14 നാണ് സുപ്രീം കോടതി കണ്ടെത്തിയത്.
കോടതിയലക്ഷ്യത്തിൽ മാപ്പ് പറഞ്ഞാൽ ശിക്ഷ ഒഴിവാക്കാമെന്ന് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, മാപ്പ് പറയാൻ താൻ തയ്യാറല്ലെന്ന നിലപാടായിരുന്നു പ്രശാന്ത് ഭൂഷൺ സ്വീകരിച്ചത്. താൻ അഭിപ്രായപ്പെട്ട പരാമർശങ്ങൾ തന്റെ വിശ്വാസങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണെന്നും അതിന് മാപ്പ് ചോദിക്കുന്നത് “ആത്മാർത്ഥതയില്ലാത്ത” കാര്യമാവുമെന്നും ഭൂഷൺ പറഞ്ഞു.
“ഞാൻ നല്ല വിശ്വാസത്തോടെയാണ് എന്റെ നിലപാട് പ്രകടിപ്പിച്ചത്, സുപ്രീം കോടതിയെയോ ഏതെങ്കിലും പ്രത്യേക ചീഫ് ജസ്റ്റിസിനെയോ അപകീർത്തിപ്പെടുത്താനല്ല, മറിച്ച് ക്രിയാത്മക വിമർശനങ്ങൾ ഉന്നയിക്കുന്നതിനാണ് അത്. ഭരണഘടനയുടെ രക്ഷാധികാരികളും ജനങ്ങളുടെ അവകാശങ്ങളുടെ സൂക്ഷിപ്പുകാരും എന്ന നിലയിലുള്ള സ്വന്തം കടമകളിൽ നിന്ന് വിട്ടുപോവുന്ന ഏതൊരു നീക്കത്തെയും കോടതിക്ക് തടയാൻ അത്തരം വിമർശനങ്ങൾ സഹായകമാവും,” അദ്ദേഹം പറഞ്ഞു.
“ആത്മാർത്ഥതയില്ലാത്ത ക്ഷമാപണം നടത്തുന്നത് എന്റെ മനഃസാക്ഷിയെയും ഈ സ്ഥാപനത്തെയും അവഹേളിക്കുന്നതിനു തുല്യമാണ്,” പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേർത്തു.
ജുഡീഷ്യറിയെതിരായ രണ്ട് അപകീർത്തികരമായ ട്വീറ്റുകളുടെ പേരിൽ പ്രശാന്ത് ഭൂഷൺ ക്രിമിനൽ അവഹേളനത്തിന് കുറ്റക്കാരനാണെന്ന് ഓഗസ്റ്റ് 14 ന് സുപ്രീം കോടതി വിധിച്ചത്. ജുഡീഷ്യറിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് പൊതുതാൽപര്യത്തിനുവേണ്ടി ഉന്നയിക്കുന്ന ന്യായമായ വിമർശനമാണെന്ന് അവയെ പറയാനാവില്ലെന്നും വിധിയിൽ പറഞ്ഞിരുന്നു.