ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരുമായി വിപുലമായ കൂടിയാലോചനയ്ക്കു ശേഷമായിരിക്കണം തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ നടപ്പാക്കേണ്ടതെന്നു കേന്ദ്ര നിയമ-നീതി മന്ത്രി കിരണ്‍ റിജിജു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പല നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ മുമ്പാകെ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്ന സാഹചര്യത്തിലാണു മന്ത്രി ഇക്കാര്യം പറഞ്ഞത്.
പതിമൂന്നാം ദേശീയ വോട്ടേഴ്സ് ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് നടത്തിയ പരിപാടിയില്‍ സംസാരിക്കവെയാണു ബന്ധപ്പെട്ടവര്‍ തമ്മിലുള്ള ചര്‍ച്ചയുടെ പ്രാധാന്യം റിജിജു ഊന്നിപ്പറഞ്ഞത്.
”നിരവധി നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കാനുണ്ട്. എന്നാല്‍ ആവശ്യമായ ചര്ച്ചകള്ക്കുശേഷമായിരിക്കണം ഏതെങ്കിലും തിരഞ്ഞെടുപ്പ് പരിഷ്കരണവുമായി മുന്നോട്ടുപോകേണ്ടതെന്നു ഞാന്‍ കരുതുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യുക, ചിലപ്പോള്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക, സര്‍ക്കാരുമായി നിരന്തരം കൂടിയാലോചന നടത്തുകയെന്നതാണു നമ്മുടെ പതിവ്. ഇത് ഊര്‍ജസ്വലമായ ജനാധിപത്യത്തിന്റെ പ്രതീകമാണ്. ഏതു നടപടിയും ചര്ച്ചയ്ക്കുശേഷമായിരിക്കണം സ്വീകരിക്കേണ്ടത്,”റിജിജു പറഞ്ഞു.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
ആഭ്യന്തര കുടിയേറ്റക്കാര്‍ക്കു വിദൂര വോട്ടിങ് ഏര്‍പ്പെടുത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലാണു മന്ത്രിയുടെ പരാമര്‍ശം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകള്‍.
വിദൂര വോട്ടിങ് യന്ത്രത്തിന്റെ മാതൃക കാണാനും ചര്‍ച്ചയ്ക്കുമായി തിരഞ്ഞെടുപ്പ് കമ്മിഷന് ജനുവരി 16-നു പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ മിക്ക പാര്‍ട്ടികളും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു വിദൂര വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നതു മാറ്റിവച്ചിരിക്കുകയാണ്.
18 വയസ് തികഞ്ഞവര്‍ക്കു വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാന്‍ ജനുവരി ഒന്ന് എന്ന ഒരു തീയതിക്കു പകരം വര്‍ഷത്തില്‍ നാല് യോഗ്യതാ തീയതികള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ പാര്‍ലമെന്റ് നടപ്പാക്കിയ ചില പരിഷ്കാരങ്ങള്‍ മന്ത്രി എടുത്തുപറഞ്ഞു. 2022ല്‍ ഇതുനടപ്പാക്കിയശേഷം 1.5 കോടി പുതിയ വോട്ടര്‍മാര്‍ പട്ടികയില്‍ ഇടംപിടിച്ചതായി അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഷ്കരണ അജന്‍ഡയെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ വോട്ടറാകാന്‍ കഴിഞ്ഞതു ഭാഗ്യമാണെന്നും വോട്ടര്‍ ഐഡി കാര്ഡ്് ഏറ്റവും പ്രധാനപ്പെട്ട രേഖയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.