അയോധ്യയിൽ രാമക്ഷേത്രം നിയമവിധേയമായി നിർമ്മിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. “കഴിഞ്ഞ നാല് ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ബിജെപി ഇക്കാര്യം വ്യക്തമാക്കിയതാണ്. രാമക്ഷേത്രം നിയമ വിധേയമായും, മതവിഭാഗങ്ങൾ തമ്മിൽ സമവായത്തിലും പണിയും”, അമിത് ഷാ വിശദീകരിച്ചു.

ജയ്പൂറിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക സമുദായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഒഴിവാക്കുന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരേ സമയം നടത്തുന്ന കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനോട് നയം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“പാർലമെന്റ്, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്നാണ് ബിജെപിയുടെ ആഗ്രഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു.

ബിജെപി ഒരിക്കലും ജിഎസ്ടി നയത്തെ എതിർത്തിട്ടില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. ഇത് നടപ്പിലാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാവുന്ന നഷ്ടം കേന്ദ്രം നികത്തണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാനങ്ങൾ ജിഎസ്ടിയ്ക്ക് അനുകൂല നിലപാട് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി ജനങ്ങൾ സ്വീകരിച്ചുവെന്ന് പറഞ്ഞ ദേശീയ അദ്ധ്യക്ഷൻ ഗോ സംരക്ഷണത്തിനുള്ള നിയമങ്ങൾ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവിലുണ്ടെന്നും ചോോദ്യത്തിന് മറുപടിയായി വിശദമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ