ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയെ ചോദ്യം ചെയ്തുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍.വി.രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 11 ഹര്‍ജികളാണ് പരിഗണനയ്ക്കായി ബെഞ്ചിന് മുന്നിലെത്തുന്നത്.

ശനിയാഴ്ചയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ച് കേസുകളെല്ലാം എന്‍.വി.രമണ ബെഞ്ചിന് കൈമാറിയത്. അഞ്ച് പേരാണ് ബെഞ്ചിലുള്ളത്. എസ്.കെ കൗള്‍, ആര്‍ സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവയ്, സൂര്യ കാന്ത് എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.

കേന്ദ്ര തീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നും ഇതിന് കശ്മീര്‍ ജനതയുടെ സമ്മതമില്ലെന്നും ചൂണ്ടിക്കാട്ടുന്ന ഹര്‍ജികളും ഇവയിലുണ്ട്. ജമ്മുകശ്മീര്‍ പുനഃസംഘടനാ നിയമമനുസരിച്ച് സംസ്ഥാനത്തിനെ കേന്ദ്രഭരണപ്രദേശമാക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും ഹര്‍ജികള്‍ ചൂണ്ടിക്കാണിക്കുന്നു.

Read More: എവിടെയാണ് നിയന്ത്രണങ്ങൾ? അത് നിങ്ങളുടെ മനസിലാണ്; കശ്മീർ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ അമിത് ഷാ
ഓഗസ്റ്റ് ആറിന് പ്രമുഖ അഭിഭാഷകന്‍ എം.എല്‍ ശര്‍മ്മയാണ് ആദ്യ ഹര്‍ജി നല്‍കിയത്. സിപിഎം നേതാവ് യൂസഫ് തരിഗാമി, നാഷണല്‍ കോണ്‍ഫറന്‍സ്, കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തരിഗാമിയുടെ കസ്റ്റഡിക്കെതിരെ നല്‍കിയ ഹേബിയസ് കോര്‍പ്പസ് തുടങ്ങിയ ഹര്‍ജികളാണ് പരിഗണനയ്‌ക്കെത്തുന്നത്.

അതേസമയം, ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങളൊന്നും ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷത്തെ കടന്നാക്രമിച്ചായിരുന്നു അമിത് ഷായുടെ പ്രസ്താവന. കശ്മീരില്‍ നിയന്ത്രണങ്ങളില്ലെന്നും നിയന്ത്രണങ്ങളെല്ലാം പ്രതിപക്ഷത്തിന്റെ മനസ്സിലാണെന്നും അമിത് ഷാ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വ്യക്തി താല്‍പര്യം മാത്രമാണ് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഷാ പറഞ്ഞു. ഐക്യരാഷ്ട്ര സഭയില്‍ നെഹ്‌റു സ്വീകരിച്ച നിലപാടിനെ ഹിമാലയത്തേക്കാള്‍ വലിയ ഹിമാലയന്‍ മണ്ടത്തരമെന്നും അമിത് ഷാ വിശേഷിപ്പിച്ചു. 370-ാം വകുപ്പ് എടുത്തുകളഞ്ഞത് ഇന്ത്യയുടെ ഐക്യത്തിന് സഹായിക്കുമെന്ന് പറഞ്ഞ ഷാ, കശ്മീരിലെ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്നും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook