ന്യൂഡൽഹി:  ആധാറുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളിൽമേൽ സുപ്രീംകോടതി നാളെ മുതൽ വാദം കേട്ട് തുടങ്ങും. അഞ്ചംഗ ഭരണ ഘടന ബെഞ്ചാണ് ഹർജികളിന്മേൽ വാദം കേൾക്കുക.

ആധാറിനെ വിവിധ സർക്കാർ സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് സുപ്രീംകോടതിയിൽ വിവിധ ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യമാണ് ഹർജികളിൽ ഉന്നയിച്ചിട്ടുള്ളത്. നവംബറിൽ ആധാറുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു

സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും, സേവനങ്ങളും ലഭിക്കാൻ ആധാറിനെ ഇവയുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്ത വർഷം മാർച്ച് 31 വരെ നീട്ടിയതായി കേന്ദ്ര സർക്കാർ ഈ മാസം 7 നു സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ആധാർ കാർഡ് എടുക്കാത്തവർക്കെതിരെ മറ്റു നടപടികൾ ഒന്നും കൈ കൊള്ളാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എങ്കിലും പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നത് മാർച്ച് 31 കഴിഞ്ഞാൽ നിലക്കുമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ആധാർ കാർഡ് ഉള്ളവർ അവയെ മൊബൈൽ സിം കാർഡ്, ബാങ്ക് അക്കൗണ്ട്, പാൻ കാർഡ് തുടങ്ങിയവയുമായി ബന്ധിപ്പിക്കണ്ടതുണ്ടെന്നു കോടതിക്ക് നൽകിയ കുറിപ്പിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ആധാർ കാർഡുമായി ബന്ധപ്പെട്ടുള്ള വിവര ശേഖരണം പൗരന്റെ സ്വകാര്യതയുടെ മേലുള്ള കടന്നു കയറ്റമാണെന്ന വാദത്തിനു സുപ്രീം കോടതി ഈ അടുത്ത കാലത്തു അംഗീകാരം നൽകിയിരുന്നു. സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് സ്വകാര്യത മൗലികാവകാശമാണെന്നു വിധിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ