ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‌നെതിരെയുള്ള കോടതിയലക്ഷ്യക്കേസുകൾ ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്.

ജഡ്ജിമാര്‍ക്കെതിരെ എത്രത്തോളം വിമര്‍ശനമാകാം എന്നതുൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിൽ മൂന്നംഗ ബെഞ്ച് തീരുമാനിച്ചതിനോടും ജസ്റ്റിസ് കുര്യൻ ജോസഫ് വിയോജിച്ചു. ഇത്തരം പ്രധാന നിയമവിഷയങ്ങളിൽ അഞ്ചംഗ ഭരണഘടന ബെഞ്ച് തീരുമാനം എടുക്കുക എന്നതാണ് കീഴ്‌വഴക്കമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കി.

“ഭരണഘടനയുടെ ആർട്ടിക്കിൾ 145 (3) അനുസരിച്ച്, ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഏതെങ്കിലും കേസിൽ തീരുമാനമെടുക്കാൻ കുറഞ്ഞത് അഞ്ച് ജഡ്ജിമാരുടെ ഒരു കോറം ഉണ്ടായിരിക്കണം.”

Read More: ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ്: പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യത്തിനു കുറ്റക്കാരനെന്നു സുപ്രീം കോടതി

സുപ്രീം കോടതി സ്വമേധയാ എടുക്കുന്ന കോടതിയലക്ഷ്യക്കേസിലെ വിധിയിന്മേൽ അപ്പീലിന് വ്യവസ്ഥയുണ്ടാകണം. ഇക്കാര്യം വിശാലബെഞ്ച് പരിഗണിക്കണം. ജസ്റ്റിസ് സി.എസ് കർണനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് പരിഗണിച്ചത് ഏഴംഗ വിശാല ബെഞ്ചാണ്.

ആകാശം ഇടിഞ്ഞുവീണാലും കോടതികൾ നീതി നടപ്പാക്കണമെന്ന് കുര്യൻ ജോസഫ് പ്രസ്താവനയിൽ പറഞ്ഞു. കോടതി അലക്ഷ്യ കേസുകളിൽ സുപ്രീംകോടതിയിലും അപ്പീലിനുള്ള അവസരം നൽകുന്നത് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് കോടതിയലക്ഷ്യക്കേസുകളാണ് പ്രശാന്ത് ഭൂഷണെതിരെയുള്ളത്. ഒരു കേസിലെ ശിക്ഷ സംബന്ധിച്ച് ഇന്ന് വാദം കേൾക്കാനിരിക്കെയാണ് ജസ്റ്റിസ് കുര്യൻ ജോസഫ് പ്രസ്താവനയിറക്കിയത്.

Read More: കോടതിയലക്ഷ്യം: പ്രശാന്ത് ഭൂഷണ് ലഭിക്കാവുന്ന ശിക്ഷ എത്ര?

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന ഫോട്ടോ പ്രശാന്ത് ഭൂഷണ്‍ ജൂണ്‍ 29 ന് ട്വീറ്റ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വാദം കേൾക്കുന്നതിനിടെ, ജുഡീഷ്യറിയെക്കുറിച്ച് ജൂണ്‍ 27 ന് പ്രശാന്ത് ഭൂഷണ്‍ ചെയ്ത മറ്റൊരു ട്വീറ്റും ജസ്റ്റിസ് അരുൺ മിശ്ര തലവനായുള്ള മൂന്നംഗ ബഞ്ച് പരിഗണിച്ചു. ജസ്റ്റിസുമാരായ ബിആര്‍ ഗവായിയും കൃഷ്ണ മുരാരിയുമാണ് ബഞ്ചിലുണ്ടായിരുന്ന മറ്റു രണ്ടു പേർ.

മൈക്രോ ബ്ലോഗിങ് സൈറ്റിലെ തന്റെ പോസ്റ്റുകളെ പ്രശാന്ത് ഭൂഷണ്‍ ന്യായീകരിച്ചതിനെത്തുടര്‍ന്ന് കോടതി വിധി പ്രസ്താവിക്കുന്നത് ഓഗസ്റ്റ് അഞ്ചിനു മാറ്റിവച്ചിരുന്നു. ജഡ്ജിമാരുടെ വ്യക്തിപരമായ പെരുമാറ്റത്തിനെതിരായതാണു പോസ്റ്റുകളെന്നും അവ നീതിനിര്‍വഹണത്തെ തടസപ്പെടുത്തുന്നതല്ലെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ നിലപാട്.

ട്വീറ്റുകള്‍ ”നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്തുന്ന്” ആണെന്നു ചൂണ്ടിക്കാട്ടി സപ്രീം കോടതി ജൂലൈ 22 നു പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Read More: Constitution Bench must hear Bhushan case: ex-SC judge Joseph

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook