ജയ്പൂര്‍ : ഭരണഘടനയെ ‘വിശുദ്ധം’ വിശേഷിപ്പിക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിലെ പ്രധാനബിംബങ്ങളില്‍ ഒരാളായ ദീന്‍ ദയാല്‍ ഉപാദ്ധ്യായയെ ‘വീരപുരുഷന്‍’ എന്ന് പ്രശംസിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുകയാണ് എഴുത്തുകാരനും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ഒത്തുപോകാത്ത നിലപാടാണ് ഇത് രണ്ടും എന്നായിരുന്നു മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള തരൂരിന്‍റെ അഭിപ്രായം.

ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സ്സംസാരിക്കവെയാണ് തിരുവനന്തപുരത്ത് നിന്നുമുള്ള എംപിയുടെ അഭിപ്രായപ്രകടനം. ഹിന്ദുക്കള്‍ ” അവരുടെ പേരില്‍” ചെയ്തുകൊണ്ടിരിക്കുന്നതിനെ തിരിച്ചറിയുകയും അതിനെതിരെ സംസാരിക്കുകയും ചെയ്യേണ്ടതുണ്ട് എന്നും ശശി തരൂര്‍ പറഞ്ഞു.

” ഉള്ളത് ഉള്ളത് പോലെ പറയുകയാണ്‌ വേണ്ടത്. ഒരു കൈയില്‍ ഭരണഘടന വിശുദ്ധ ഗ്രന്ഥമാണ് എന്ന് അവകാശപ്പെടുകയും മറുകൈയില്‍ തന്‍റെ മന്ത്രാലയത്തിനോട് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ കൃതികളും രചനകളും പഠിക്കുവാനും പറയുന്ന പോര് പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഭരണഘടനയെ വ്യക്തമായി തള്ളിക്കളയുകയും ഭരണഘടന അടിസ്ഥാനപരമായി വികലമാക്കപ്പെട്ടതാണെന്ന അഭിപ്രായം പങ്കുവെക്കുകയും ചെയ്യുന്നയാളാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ.” മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

രണ്ടു ചിന്താധാരകളും പരസ്‌പരവിരുദ്ധമാണ് ” നിങ്ങള്‍ക്ക് ഇത് രണ്ടും ഒരേ വാക്യത്തില്‍ ഉപയോഗിക്കാനാകില്ല… ഇത് രണ്ടിനേയും ഒരേ വാക്യത്തില്‍ ഉപയോഗിക്കുകയും നമ്മുടെ സംവാദങ്ങളില്‍ നിന്നക്കാര്യം വിട്ടൊഴിയുകയും ചെയ്യുന്നു എന്നത് അസ്വസ്ഥമാകേണ്ട കാര്യമാണ്” ശശി തരൂര്‍ പറഞ്ഞു.

” രാജ്യം ഒരു പ്രദേഷമല്ല. അത് അവിടത്തെ ജനങ്ങളാണ്. അവിടത്തെ ജനങ്ങളെന്നാല്‍ ഹിന്ദുക്കളാണ്. അതിനര്‍ത്ഥം ഹിന്ദു രാഷ്ട്രമാണ്. ഹിന്ദു രാഷ്ട്രത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കേണ്ടത്. ഭരണഘടന അത് ചെയ്യുന്നില്ല.” ഇതായിരുന്നു ദീന്‍ ദയാല്‍ ഉപാദ്ധ്യായ മുന്നോട്ടുവച്ച ആശയം. ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ഭരണഘടനാവിരുദ്ധ നിലപാട് ചൂണ്ടിക്കാണിച്ചുകൊണ്ട് ശശി തരൂര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ