Latest News

അപകടമല്ല, തങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയെന്ന് പെണ്‍കുട്ടിയുടെ അമ്മ; എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു

സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയ്ക്കും സഹോദരനും എതിരെ കേസ്. ഇവരടക്കം 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Unnao Rape Case,ഉന്നാവോ പീഡനക്കേസ്, Unnao Rape Victim,ഉന്നാവോ പീഡനക്കേസ് ഇര, Unnao Accident, Unnao, ie malayalam, ഐഇ മലയാളം

ലക്‌നൗ: ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അമ്മ. തന്റെ കുടുംബത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു വാഹനാപകടമെന്ന് പെണ്‍കുട്ടിയുടെ അമ്മ.

”കൂട്ടുപ്രതിയുടെ മകനും സംഘവും ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. നിങ്ങളെ കണ്ടോളാം എന്നു പറഞ്ഞിരുന്നു. ഇതൊരു അപകടമല്ല, ഞങ്ങളെ തുടച്ച് നീക്കാനുള്ള ഗൂഢാലോചനയാണ്.” പരാതിക്കാരിയുടെ അമ്മ പറഞ്ഞു.

”കേസുമായി മുന്നോട്ട് പോകാതിരിക്കാന്‍ കുല്‍ദീപ് സിങ്ങും സംഘവും നടത്തിയതാണ് അപകടം. അവര്‍ റായി ബറേലിയിലെ ജയിലിലേക്ക് പോവുകയാണെന്ന് ഗ്രാമത്തിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു” പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു. അതേസമയം, സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയ്ക്കും സഹോദരനും എതിരെ കേസ്. ഇവരടക്കം 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെംഗാര്‍ എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. ലൈംഗികാക്രമണക്കേസില്‍ പ്രതിയാണ് കുല്‍ദീപ്. ഇന്നലെയാണ് റായ്ബറേലിയില്‍ വെച്ച് അപകടമുണ്ടായത്. ആക്രമണത്തില്‍ ലൈംഗികാക്രമണ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും പെണ്‍കുട്ടിയുടെ അമ്മായിമാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുല്‍ദീപിനെതിരെ ലൈംഗികാക്രമണക്കേസില്‍ സാക്ഷിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു.

Read More: കുറ്റാരോപിതന്‍ ഇപ്പോഴും ബിജെപിയില്‍, എങ്ങനെയാണ് സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുക?: പ്രിയങ്ക

”പീഡന ഇര അപകടത്തില്‍പ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണോ? സിബിഐ അന്വേഷണം എന്തായി? എന്തുകൊണ്ടാണ് ആരോപിതനായ എംഎല്‍എ ഇപ്പോഴും ബിജെപിയില്‍ തുടരുന്നത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കാതെ എങ്ങനെയാണ് ബിജെപി സര്‍ക്കാരില്‍ നിന്നും നീതി പ്രതീക്ഷിക്കാനാകുന്നത്?” എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

”ഒരു യുവതിയെ ബിജെപി എംഎല്‍എയെ പീഡിപ്പിച്ചതായി ആരോപിക്കപ്പെട്ടിരിക്കുന്നു. അവളുടെ പിതാവിനെ മര്‍ദ്ദിച്ചു, അദ്ദേഹം പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു സാക്ഷിയും ദുരൂഹമായി മരിച്ചു. ഇപ്പോള്‍ അവളുടെ ബന്ധുവും സാക്ഷിയുമായ സ്ത്രീയും കൊല്ലപ്പെട്ടു, അഭിഭാഷകന് പരുക്കേറ്റു. അതും നമ്പര്‍ പ്ലേറ്റ് മറിച്ചു വച്ച ട്രക്ക് ഇടിച്ച്” പ്രിയങ്ക ട്വീറ്റ് ചെയ്തു. ഭീതിയില്ലാത്ത ഉത്തര്‍പ്രദേശ് ക്യാമ്പയിന്‍ നടത്താന്‍ ബിജെപി സര്‍ക്കാരിന് എന്ത് ധാര്‍മ്മികതയാണുള്ളതെന്നും പ്രിയങ്ക ചോദിച്ചു.

പരാതിക്കാരിക്കും സാക്ഷികള്‍ക്കും മതിയായ സുരക്ഷ നല്‍കാത്തതില്‍ യോഗി ആദിത്യനാഥിനെതിരേയും പ്രിയങ്ക വിമര്‍ശനം ഉന്നയിച്ചു. അതേസമയം, സുരക്ഷ പിഴവ് സംഭവിച്ചിട്ടില്ലെന്നും വാഹനത്തില്‍ സ്ഥലമില്ലാത്തതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥനോട് തന്നോടൊപ്പം വരേണ്ടതില്ലെന്ന് പരാതിക്കാരി തന്നെ അറിയിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

റായിബറേലിയില്‍ വച്ച് ട്രക്ക് കാറില്‍ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയേയും അഭിഭാഷകനേയും ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റായിബറേലിയിലെ ജയിലിലുള്ള ബന്ധുവായ മഹേഷ് സിങ്ങിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം.

അപകടത്തിന് പിന്നില്‍ ആരോപണവിധേയനായ എംഎല്‍എയെന്ന് പെണ്‍കുട്ടിയുടെ കുടുംബവും ആരോപിക്കുന്നു. എന്നാല്‍, അപകടത്തില്‍ അസ്വാഭാവികതയില്ലെന്ന് യുപി ഡിജിപി പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. കാറിലിടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത മഷി കൊണ്ട് മറച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Conspiracy to eliminate us says unnao rape survivors mother

The moderation of comments is automated and not cleared manually by malayalam.indianexpress.com