ന്യൂഡല്‍ഹി: കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി വരേന്ദ്ര മോദിയുമായി ആത്മാര്‍ത്ഥമായ ചര്‍ച്ചയ്ക്ക് തയാറാണെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ദുബായ് ആസ്ഥാനമായുള്ള അൽ-അറബിയ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷെഹബാസ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഇന്ത്യ വളരെ സാഹോദര്യമുള്ള രാജ്യമാണ്, ഞങ്ങൾ എപ്പോഴും സഹോദരബന്ധം പങ്കിടുന്നു, അത് അതുല്യമാണ്. ഞങ്ങൾ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടത്തി, അവയുടെ അനന്തരഫലങ്ങൾ ദുരിതവും തൊഴിലില്ലായ്മയും ദാരിദ്ര്യവുമായിരുന്നു, പാക്കിസ്ഥാന് പാഠം പഠിച്ചു. ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ ഇന്ത്യയുമായി സമാധാനത്തിൽ മുന്നോട്ട് പോകാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു,” പാക് പ്രധാനമന്ത്രി പറഞ്ഞു.
“സമാധാനത്തോടെ ജീവിക്കുക, പുരോഗതി നേടുക അല്ലെങ്കിൽ പരസ്പരം കലഹിക്കുക സമയം പാഴാക്കുക, ഇത് നമ്മള് എടുക്കേണ്ട തീരുമാനമാണ്. ദാരിദ്ര്യം ഇല്ലാതാക്കാനും അഭിവൃദ്ധി കൈവരിക്കാനും വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളും തൊഴിലവസരങ്ങളും ജനങ്ങൾക്ക് നൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു, ബോംബുകൾക്കും വെടിക്കോപ്പുകള്‍ക്കുമായി ഒന്നും പാഴാക്കരുത്. ഇതാണ് പ്രധാനമന്ത്രി മോദിക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്ന സന്ദേശം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെയും പാകിസ്ഥാനെയും ചര്‍ച്ചയ്ക്ക് കൊണ്ടുവരുന്നതിൽ യുഎഇ നേതൃത്വത്തിന് ഒരു പ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു, “ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള എന്റെ സന്ദേശം ഇതാണ്, നമുക്ക് ഇരുന്ന് സംസാരിക്കാം, നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താം. കശ്മീർ പോലുള്ള കത്തുന്ന പ്രശ്നങ്ങൾ ഉള്‍പ്പടെ,” അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ നിലപാട് മാറ്റാന്‍ പാക് പ്രധാനമന്ത്രി തയാറായില്ല. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ‘പീഡിപ്പിക്കപ്പെടുന്നു’ എന്ന ആരോപണങ്ങൾ ഷെഹ്ബാസ് ആവർത്തിച്ചു. ചർച്ചകൾക്കും സമാധാനത്തിനും ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.