ന്യൂഡല്‍ഹി: ഭീകരാവാദം സംബന്ധിച്ച നിര്‍വചനത്തില്‍ ലോകം സമവായത്തിൽ എത്തേണ്ടതുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദത്തിനു രാഷ്ട്രീയ കാരണങ്ങള്‍ കാണരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍പോളിന്റെ 90-ാമത് ജനറല്‍ അസംബ്ലിയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
”ഭീകരവാദം ആഗോള പ്രശ്നമാണ്. ഭീകരവാദത്തേക്കാള്‍ വലുതായി മറ്റൊന്നും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരതയെ നേരിടാന്‍ അതിര്‍ത്തി കടന്നുള്ള സഹകരണം ആവശ്യമാണ്. അതിനുള്ള ഏറ്റവും നല്ല വേദി ഇന്റര്‍പോളാണ്.
ഭീകരവാദത്തിന്റെ നിര്‍വചനം സംബന്ധിച്ച് എല്ലാ രാജ്യങ്ങളും ആദ്യം സമവായത്തിലെത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ നമുക്ക് ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടാന്‍ കഴിയില്ല. ഭീകരതയെ ഒറ്റക്കെട്ടായി നേരിടാനുള്ള ദൃഢനിശ്ചയവും നല്ല ഭീകരതയും ചീത്ത ഭീകരതയും വലിയ ഭീകരതയും ചെറിയ ഭീകരതയും എന്ന ആഖ്യാനവും ഒരുമിച്ചു പോകില്ല,” അമിത് ഷാ പറഞ്ഞു.
അതിര്‍ത്തിക്കപ്പുറമുള്ള ഓണ്‍ലൈന്‍ റാഡിക്കലൈസേഷനിലൂടെ തീവ്രവാദം വ്യാപിപ്പിക്കുന്നതിനുള്ള വെല്ലുവിളിയില്‍ ലോകം സമവായമുണ്ടാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ കണ്ണാടിയിലൂടെ നമുക്കത് കാണാന്‍ കഴിയില്ല. ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്‍ ഒരു രാഷ്ട്രീയ പ്രശ്നമായി നാം കണക്കാക്കുകയാണെങ്കില്‍, തീവ്രവാദത്തിനെതിരായ നമ്മുടെ പോരാട്ടം അപൂര്‍ണമായി തുടരും. സാങ്കേതിക ഇന്‍പുട്ടുകളും മനുഷ്യശക്തിയും ഉപയോഗിച്ച് ഇന്റര്‍പോളിനൊപ്പം ആഗോള ഭീകരതയ്ക്കെതിരെ പോരാടാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” അദ്ദേഹം പറഞ്ഞു.
ഭീകരവാദവിരുദ്ധ പോരാട്ടത്തില്‍ വിവരങ്ങള്‍ പങ്കിടുന്നതിന് ഏകീകൃത പ്ലാറ്റ്‌ഫോം വേണ്ടതിന്റെ ആവശ്യകത അമിത് ഷാ ചൂണ്ടിക്കാട്ടി. ”പല രാജ്യങ്ങളിലും ഇന്റര്‍പോള്‍ നോഡല്‍ ഏജന്‍സിയും തീവ്രവാദ വിരുദ്ധ ഏജന്‍സിയും വ്യത്യസ്തമാണെന്ന് കണ്ടിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ലോകത്തെ എല്ലാ ഭീകരവിരുദ്ധ ഏജന്‍സികളെയും ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുന്നതു ബുദ്ധിമുട്ടാണ്. ലോകത്തിലെ എല്ലാ തീവ്രവാദ വിരുദ്ധ ഏജന്‍സികള്‍ക്കിടയിലും തത്സമയ വിവരങ്ങള്‍ പങ്കിടുന്നതിനായി ഒരു സംവിധാനം വേണമെന്നാണ് ഇന്റര്‍പോളിനോട് എന്റെ നിര്‍ദേശം. ഇതു ഭീകരവാദത്തിനെതിരായ നമ്മുടെ പോരാട്ടത്തെ ശക്തിപ്പെടുത്തും,”അമിത് ഷാ പറഞ്ഞു. ഇന്റര്‍പോളിന്റെ കഴിഞ്ഞ 100 വര്‍ഷത്തെ അനുഭവങ്ങളുടെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ അടുത്ത 50 വര്‍ഷത്തേക്കുള്ള പദ്ധതി തയാാറാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
195 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണു ഉള്‍പ്പെട്ട 18 ന് ആരംഭിച്ച ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്തത്. തീവ്രവാദം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, കുട്ടികളോടുള്ള ലെംഗിക അതിക്രമം എന്നിവയെ ചെറുക്കുന്നതില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.
ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ‘അഴിമതിക്കാര്‍ക്കും തീവ്രവാദികള്‍ക്കും സുരക്ഷിത താവളങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല’ എന്നതിനാല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ ഇന്റര്‍പോളിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.