ഗോവ: വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ യുവാവിനെ ബോംബൈ ഹൈക്കോടതി കുറ്റവിമുക്തനാക്കി. യുവാവിന് ഏഴ് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച വിചാരണ കോടതിയുടെ വിധി ഹൈക്കോടതിയുടെ ഗോവ ബെഞ്ച് റദ്ദാക്കി. ഇരുവരും തമ്മില്‍ ശാരീരിക ബന്ധം പുലര്‍ത്തിയ സമയത്ത് ഗാഢമായ പ്രണയബന്ധം ഉണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു.

ഗോവയില്‍ കാസിനോയില്‍ ജോലി ചെയ്യുന്ന യോഗേഷ് പലേക്കര്‍ എന്ന യുവാവും സഹപ്രവര്‍ത്തകയും തമ്മില്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ പലതവണ ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി താഴ്ന്ന ജാതിയില്‍ നിന്നാണെന്ന് കാണിച്ച് യുവാവ് വിവാഹം വാഗ്‌ദാനം പിന്‍വലിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. തന്നെ വിവാഹം ചെയ്യാമെന്ന വാഗ്‌ദാനത്തിലാണ് യുവാവുമായി ശാരീരിക ബന്ധത്തിന് സമ്മതിച്ചതെന്ന് യുവതി പറഞ്ഞു.

എന്നാല്‍ പ്രണയബന്ധത്തിനിടെ പരസ്‌പര സമ്മതത്തോടെയും ആഗ്രഹവും വച്ചാണ് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ യുവാവിന് യുവതി സാമ്പത്തിക സഹായം നല്‍കിയതായും പ്രണയബന്ധത്തിനിടെ യുവാവ് നിര്‍ബന്ധപൂര്‍വ്വമല്ല ശാരീരികബന്ധത്തിന് യുവതിയെ പ്രേരിപ്പിച്ചതെന്നും കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ പരസ്‌പര ഇഷ്ടത്തോടെയുളള ശാരീരിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ യുവാവ് വിഷാദത്തിന് അടിമപ്പെട്ട് ചികിത്സയില്‍ ആയതിനാല്‍ യുവതി പരാതി പിന്‍വലിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ