ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ സെപ്റ്റംബര്‍ 13 വരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് റിമാന്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഒമ്പത് ദിവസമാണ് അനുവദിച്ചത്. എല്ലാ ദിവസവും അരമണിക്കൂര്‍ ബന്ധുക്കള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.
ചട്ടപ്രകാരമുള്ള വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് ശിവകുമാറിനെ ജസ്റ്റിസ് അജയ് കുമാറിന് മുന്നില്‍ ഹാജരാക്കിയത്. നേരത്തെ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശിവകുമാറിനെ കാണാനായി രാം മനോഹര്‍ ലോഹിയ ആശുപത്രിയിലെത്തിയിരുന്നുവെങ്കിലും അനുമതി നല്‍കിയിരുന്നില്ല.
അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ബന്ദ് പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധക്കാര്‍ കെഎസ്ആര്‍ടിസി ബസിന് തീവച്ചിരുന്നു. പ്രധാന റോഡുകളിലെല്ലാം പ്രതിഷേധക്കാര്‍ പ്രകടനം നടത്തുകയും വഴി തടയുകയും ചെയ്തു.
Read More: ഡി കെ ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കിയേക്കും; കർണാടകയില്‍ പ്രതിഷേധം
ശിവകുമാറിന്റെ വസതികളില്‍ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.59 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം വ്യക്തമാവുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. ശനിയാഴ്ചയാണ് ശിവകുമാറിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു ഇഡി സമന്‍സ് അയച്ചത്.
അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധമാണ് ചൊവ്വാഴ്ച രാത്രി മുതല്‍ ഉയരുന്നത്. ചൊവ്വാഴ്ച ശിവകുമാറിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തടിച്ചുകൂടി. ശിവകുമാറിനെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. എന്നാല്‍, പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ പൊലീസ് ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് ദിവസത്തെ ചോദ്യം ചെയ്യലില്‍ ഏതാനും രേഖകളും ഇഡി പരിശോധിച്ചിരുന്നു.