ന്യൂഡൽഹി: അനധികൃതമായി മൈക്രോവേവ് സ്‌പെക്ട്രം വിതരണം ചെയ്തതിലൂടെ കോടികളുടെ അഴിമതി നടന്നതായി മോദി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസിന്റെ ആരോപണം. മൈക്രോസ്പെക്ട്രം വിതരണത്തിൽ 69381 കോടിയുടെ അഴിമതി നടന്നു എന്നാണ് സർക്കാരിനെതിരെ കോൺഗ്രസ് ആരോപിക്കുന്നത്. സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ ആരോപണം.

സംഭവത്തെക്കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു. സ്‌പെക്ട്രം ലൈസന്‍സ് ലേലം ചെയ്യാതെ റിലയന്‍സ് ജിയോക്ക് നല്‍കിയതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് ആണ് കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കുന്നത്.

നാല് വര്‍ഷം കൊണ്ട് നടന്നത് മൂന്ന് സ്പെക്ട്രം അഴിമതികളാണെന്ന് പവന്‍ ഖേര പറഞ്ഞു. 2015ല്‍ റിലയന്‍സ് ജിയോയ്ക്ക് മൈക്രോ സ്പെക്ട്രത്തിനുളള ലൈസന്‍സ് നല്‍കിയിരുന്നു. 101 അപേക്ഷകള്‍ കേന്ദ്രത്തിന് മുമ്പില്‍ ഉണ്ടായിരുന്നിട്ടും ജിയോയ്ക്കും മറ്റൊരു കമ്പനിക്കും മാത്രമാണ് ലൈസന്‍സ് നല്‍കിയതെന്ന് വ്യക്തമാക്കുന്ന സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് മുമ്പാകെ വെച്ചിരുന്നു. ഇത്രയും അപേക്ഷകള്‍ വന്നിട്ടും ലേലത്തില്‍ വെക്കാത്തതിലൂടെ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തി. എന്നാല്‍ എത്രയാണ് നഷ്ടമെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. റിലയന്‍സിന് കുറഞ്ഞ വിലയ്ക്ക് നല്‍കാനായി സര്‍ക്കാര്‍ ക്രമക്കേട് നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook