ചിന്ദ്വാര: കോണ്‍ഗ്രസിനെതിരെ ‘ഗോമാതാവ’ ചീട്ട് ഇറക്കി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രം. ഗോസംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്നും മധ്യപ്രദേശില്‍ ഗോ സംരക്ഷകരായി അവതരിക്കുന്ന കോണ്‍ഗ്രസുകാര്‍ കേരളത്തില്‍ പരസ്യമായി ബീഫ് കഴിക്കുകയും അത് തങ്ങളുടെ അവകാശമാണെന്നും പറയുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

കോണ്‍ഗ്രസുകാര്‍ നുണ പറയുന്നതിൽ മിടുക്കരാണെന്നും ഗോസംരക്ഷണ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ വോട്ടര്‍മാരെ ഗോസംരക്ഷണ വിഷയത്തില്‍ ആശയക്കുഴപ്പത്തിലാക്കുകയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ ഗോസംരക്ഷണത്തിനായി നിലകൊള്ളുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നത്. ഇതേ കോണ്‍ഗ്രസിന്റ പ്രവര്‍ത്തകരാണ് കണ്ണൂരില്‍ ഒരു പശുക്കുട്ടിയെ പരസ്യമായി അറുത്ത് ഗോവധ നിരോധന നിയമത്തിനെതിരെ പ്രതിഷേധിച്ചതെന്നും മോദി വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിന്റെ ജന്മനാട്ടിലായിരുന്നു റാലി നടന്നത്. അതുകൊണ്ട് തന്നെ പരിപാടിയില്‍ അദ്ദേഹത്തെ പേരെടുത്ത് വിമര്‍ശിക്കാനും മോദി മറന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അഴിമതിക്കാരായാലും ക്രിമിനലുകളായാലും പ്രശ്നമില്ലെന്നും വിജയ സാധ്യത മാത്രമാണ് മാനദണ്ഡമെന്നും കമല്‍ നാഥ് പറഞ്ഞതായി ചൂണ്ടിക്കാട്ടിയ മോദി അത്തരം ആളുകളില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കേണ്ടേ എന്നും ചോദിച്ചു.

230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 28 നാണ് നടക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ