ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേന്ദ്രഭരണം പിടിക്കാനുളള വിശാല സഖ്യം രൂപീകരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി. ഇതിനായി തീരുമാനങ്ങൾ എടുക്കാൻ രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തി. ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താനും മണ്ഡലങ്ങൾ തിരിച്ച് ജനങ്ങളിൽ വിശ്വാസം തിരിച്ച് പിടിക്കാനും തന്ത്രങ്ങൾ ആവിഷ്കരിക്കാൻ നേതാക്കൾക്ക് ഹൈക്കമാന്റ് നിർദ്ദേശം നൽകി.
യോഗത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് നിശിതമായി വിമർശിച്ചു. “ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളുമാണ് മോദി നടത്തുന്നത്. രാജ്യ പുരോഗതിക്കും സാമ്പത്തിക വളർച്ചയ്ക്കും വേണ്ട നയങ്ങളാണ് വേണ്ടത്. 2022 ഓടെ ഇന്ത്യയിലെ കാര്‍ഷികവരുമാനം ഇരട്ടിയാക്കുമെന്ന മോദി സർക്കാരിന്റെ പ്രഖ്യാപനം വിദൂരഭാവിയില്‍പോലും നടക്കില്ല. ഇതിന് കുറഞ്ഞത് 14 ശതമാനം വളർച്ച നിരക്ക് കൈവരിക്കണം. ആ സാഹചര്യം ഇപ്പോഴില്ല,” മൻമോഹൻ സിങ് പറഞ്ഞു.
ബിജെപിയെ നേരിടാന്‍ തന്ത്രപരമായ സഖ്യങ്ങള്‍ ആവശ്യമാണെന്ന് യു.പി.എ അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. ആര്‍.എസ്.എസ്സിന്റെ സംഘടനാ ശക്തിയും സാമ്പത്തിക അടിത്തറയും നേരിടാന്‍ വ്യക്തിതാത്പര്യങ്ങള്‍ മാറ്റിവച്ച് സഖ്യങ്ങളുണ്ടാക്കണമെന്ന് അവര്‍ പറഞ്ഞു.
രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ കോൺഗ്രസ് ശക്തമാണെന്നും ഇവിടെ നിന്ന് 150 സീറ്റുകളെങ്കിലും നേടാൻ സാധിക്കണമെന്നും പ്രവർത്തക സമിതി വിലയിരുത്തി. ശക്തരായ കക്ഷികളുമായി സഖ്യമുണ്ടാക്കണം. എന്നാൽ കോൺഗ്രസിന്റെ നയങ്ങളിൽ നിന്ന് വ്യതിചലിക്കാൻ ഇടവരരുത്.
ഡൽഹിയിൽ പാർലമെന്റ് മന്ദിരത്തിന്റെ അനക്‌സിലാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗ ചേർന്നത്. വിവിധ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും നിയമസഭ കക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.