ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാചര്യത്തില്‍ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നീട്ടിവച്ചു. ജൂൺ അവസാന വാരം നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. പുതിയ തീയതിയുടെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം വ്യക്തത വരുത്തിയിട്ടില്ല.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ പരാജയത്തിൽ അതൃപ്തി അറിയിച്ച് സോണിയ ഗാന്ധി. നമുക്കുണ്ടായ തിരിച്ചടികള്‍ പരിശോധിക്കുന്നതിനൊപ്പം നമ്മുടെ വീട് ക്രമീകരിക്കേണ്ടതുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അവർ പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടിയെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും സോണിയ പറഞ്ഞു.
”പാർട്ടിയുടെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായ എല്ലാ വശങ്ങളും പഠിക്കാൻ ഒരു ചെറിയ സംഘത്തെ രൂപീകരിക്കും. കേരളത്തിലെയും അസമിലെയും നിലവിലുള്ള സർക്കാരുകളെ താഴെയിറക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്നും പശ്ചിമ ബംഗാളിൽ പൂർണ്ണമായും ഇല്ലാതായത് എന്തുകൊണ്ടാണെന്നും നാം മനസിലാക്കേണ്ടതുണ്ട്. ഇവയൊക്കെ നമുക്ക് സുഖകരമല്ലാത്ത പാഠങ്ങൾ നൽകുന്നു. യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ചില്ലെങ്കിൽ, വസ്തുതകൾ മുമനസിലാക്കിയില്ലെങ്കിൽ ശരിയായ പാഠങ്ങൾ പഠിക്കില്ല,” സോണിയ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കോണ്‍ഗ്രസിന് 41 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 99 സീറ്റുകള്‍ നേടി സിപിഎം അധികാരം നിലനിർത്തി. ബംഗാളിൽ ഇടതുപക്ഷമായി കൈകോർത്തുവെങ്കിലും സഖ്യം പൂർണമായി പരാജയപ്പെട്ടു. ബിജെപി 77 സീറ്റുകള്‍ നേടിയപ്പോൾ തൃണമൂല്‍ 213 സീറ്റുകള്‍ നേടി അധികാരം നിലനിർത്തി. തമിഴ്നാട്ടിൽ 25 ൽ 18 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. പുതുച്ചേരിയിലും പാർട്ടി പരാജയപ്പെട്ടു. 30 സീറ്റുകളില്‍ എന്‍ആര്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം 16 സീറ്റുകള്‍ നേടി അധികാരത്തിലെത്തി.
Read Also: രാജ്യത്തിന് വേണ്ടത് ശ്വാസമാണ്, പ്രധാനമന്ത്രിയുടെ വസതിയല്ല: രാഹുൽ ഗാന്ധി
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കണമെന്ന് പാർട്ടിയുടെ വ്യത്യസ്ത തലങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. കപിൽ സിബൽ ഉൾപ്പടെയുള്ള നേതാക്കൾ നേരത്തെ തന്നെ പാർട്ടിയുടെ പ്രവർത്തന രീതികളിലുള്ള അതൃപ്തി അറിയിച്ചിരുന്നതാണ്.