കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ പ്രദര്‍ശനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കൊല്‍ക്കത്തയിലെ ഒരു മാളിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ക്വസ്റ്റ് മാളിലെ ഐനോക്സ് മള്‍ട്ടിപ്ലക്സില്‍ സിനിമ ആരംഭിക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെയാണ് പ്രവര്‍ത്തകര്‍ കൊടികളുമായി ഇരച്ചു കയറിയത്. തുടര്‍ന്ന് ഇവര്‍ സ്ക്രീന്‍ വലിച്ചു കീറി.

സിനിമ കാണാനെത്തിയവരോട് ഉടന്‍ തിയറ്റര്‍ വിടാനും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നീക്കം ചെയ്ത് പ്രദര്‍ശനത്തിന് സുരക്ഷ നല്‍കി. തുടര്‍ന്ന് വൈകിയാണ് സിനിമ തുടങ്ങിയത്. കൊല്‍ക്കത്തയിലെ മറ്റ് ചില തിയറ്ററുകളിലും ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു.

എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഓം പ്രകാശ് മിശ്ര പറഞ്ഞു. പ്രവര്‍ത്തകര്‍ സിനിമയ്ക്ക് എതിരായ പ്രതിഷേധങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook