കോഴിക്കോട്: പൗരത്വ ബില്‍ ഭേദഗതിയെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. കോഴിക്കോട് പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി ബില്ലിനെ പാര്‍ലമെന്റിൽ ശക്തമായി എതിര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

“രാജ്യത്ത് ഏത് തരത്തിലുള്ള വിവേചനത്തെയും കോണ്‍ഗ്രസ് എതിര്‍ത്തിട്ടുണ്ട്. അത് ഇനിയും തുടരും. ഇന്ത്യക്കാരനായ ആര്‍ക്കെതിരെയും വിവേചനം കാണിക്കുന്ന നടപടിയെ കോണ്‍ഗ്രസ് എതിര്‍ക്കും. അതാണ് ഞങ്ങളുടെ നിലപാട്. ഇന്ത്യ എല്ലാവരുടേതുമാണ്. എല്ലാ മതക്കാര്‍ക്കും സമൂഹത്തിനും സംസ്‌കാരത്തിനും ഇവിടെ സ്ഥാനമുണ്ട്” രാഹുല്‍ ഗാന്ധി പറഞ്ഞു.

Read Also: ധനമന്ത്രി കഴിക്കുന്നത് വെണ്ണപ്പഴമാണോ?; നിര്‍മല സീതാരാമനെ കളിയാക്കി കോണ്‍ഗ്രസ്

അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്‍ലിം ഇതര സമുദായത്തിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞദിവസമാണ് അംഗീകാരം നല്‍കിയത്. നിയമവിരുദ്ധമായി പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ജൈന, ക്രൈസ്തവ, സിഖ് മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്ലിലെ വ്യവസ്ഥ.

മതം നോക്കിയുള്ള ഈ ഭേദഗതിയെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ തുറന്നടിച്ചിരുന്നു. ബില്‍ ഈ ആഴ്ച തന്നെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ബിൽ സഭയിലെത്തിയാൽ കോൺഗ്രസ് ഇതിനെ ശക്തമായി എതിർക്കുമെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. മുസ്‍ലിം ഇതര സമുദായത്തിലുളളവർക്ക്​ പൗരത്വം നൽകാനുള്ള ഭേദഗതി ബില്ല്​ ജനാധിപത്യത്തി​​​ന്റെ അടിസ്ഥാന തത്വങ്ങൾക്ക്​ എതിരാണെന്ന്​ ശശി തരൂർ എംപിയും വിമർശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook