/indian-express-malayalam/media/media_files/uploads/2021/02/Rahul-Gandhi-2.jpg)
ശിവസാഗർ: കോൺഗ്രസ് അധികാരത്തിലെത്തിയാൽ അസമിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് രാഹുൽ ഗാന്ധി. ബിജെപിയും ആർഎസ്എസും ചേർന്ന് അസമിനെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
"അസം വിഭജിക്കപ്പെട്ടാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ആഭ്യന്തരമന്ത്രി അമിത് ഷായെയോ അത് ബാധിക്കില്ല. എന്നാൽ, അസമിലെ ജനങ്ങളെയും ഇന്ത്യക്കാരെയും ബാധിക്കും. അസം കരാർ സംസ്ഥാനത്ത് സമാധാനം നൽകുന്നു. കരാർ സംസ്ഥാനത്തിന്റെ സംരക്ഷണമാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അസം കരാർ അതേപടി സംരക്ഷിക്കും. അസം കരാറിൽ നിന്നു ഒരു മാറ്റവും സംസ്ഥാനത്ത് കൊണ്ടുവരില്ല,"രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ പരിഹസിച്ചു. മോദിക്ക് കോർപറേറ്റുകളോട് പ്രത്യേക മമതയാണ്. പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കളുടെ കടങ്ങൾ എഴുതിതള്ളി പൊതുഖജനാവ് കൊള്ളയടിക്കുകയാണ് മോദി ചെയ്യുന്നതെന്ന് രാഹുൽ പറഞ്ഞു.
എന്തൊക്കെ സംഭവിച്ചാലും പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധിക്ക് ശേഷം പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വൻ പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.