ലക്നൗ: കോവിഡുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും കോണ്‍ഗ്രസ് പാലിക്കുമെന്നും എന്നാല്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തില്ലെന്നു മുതിര്‍ന്ന നേതാവ് സല്മാന് ഖുര്‍ഷിദ്.
കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതു പരിഗണിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തെഴുതിയതിനു പിന്നാലെയാണു ഖുര്‍ഷിന്റെ പ്രതികരണം.
”കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും കോണ്‍ഗ്രസ് പാലിക്കും. പക്ഷേ യാത്ര നിര്‍ത്തില്ല, നിര്‍ത്തില്ല, നിര്‍ത്തില്ല,” ഉത്തര്‍പ്രദേശിലെ യാത്രയുടെ ഏകോപന സമിതി ചെയര്‍മാനായ സല്മാന് ഖുര്‍ഷിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ കത്ത് ജാഥയുടെ മുന്നോട്ടുപോക്കിനെ ബാധിക്കുമോയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട. കോണ്‍ഗ്രസിന്റെ ഈ യാത്രയെ സര്‍ക്കാര്‍ ഭയക്കുന്നു. അതിനാലാണു പലവിധ ഉത്തരവുകളും കത്തുകളും പുറപ്പെടുവിക്കുന്നതെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര ജനുവരി മൂന്നിനു ഗാസിയാബാദിലെ ലോനി മേഖലയില്‍നിന്ന് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കും. തുടര്‍ന്നു ബാഗ്പത്, ഷംലി വഴി ഹരിയാനയിലേക്കു കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യാത്ര തടസപ്പെടുത്താന്‍ ബി ജെ പി ഒഴിവുകഴിവുകള്‍ ഉണ്ടാക്കുകയാണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. ”ഇത് അവരുടെ (ബി ജെ പി) പുതിയ പദ്ധതിയാണ്. കൊറോണ വൈറസിന്റെ പുതിയ തരംഗം രാജ്യത്തെ ബാധിച്ചേക്കാമെന്നതിനാല്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അവര്‍ എനിക്ക് കത്തെഴുതി. ഇന്ത്യയെ സത്യം അറിയുമെന്ന അവരുടെ ഭയം കാരണമുള്ള ഒഴികഴിവുകളാണ് ഇതെല്ലാം,” ഹരിയാനയില്‍ റാലിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയില്‍ എല്ലാ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അല്ലാത്ത പക്ഷം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് ആലോചിക്കണമെന്നും ആവശ്യപ്പെട്ടു ചൊവ്വാഴ്ചയാണ് രാഹുലിനും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ആരോഗ്യ മന്ത്രി കത്തയച്ചത്.
”രാജസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയില്‍, എല്ലാ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നുവെന്നും വാക്സിനേഷന് എടുത്തവര്‍ മാത്രമാണു പങ്കെടുക്കുന്നതെന്നും ഉറപ്പാക്കണം. യാത്രയില്‍ ചേരുന്നതിനു മുമ്പും ശേഷവും ആളുകള്‍ സ്വയം ഐസൊലേഷനില്‍ കഴിയണം. ഇത്തരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍, പൊതുജനാരോഗ്യ സാഹചര്യം കണക്കിലെടുത്ത് ദേശീയ താല്പ്പര്യത്തിായി ദയവായി ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക,” കത്തില്‍ പറയുന്നു.