ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽനിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ ടിക്കറ്റ് ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ഇതിനാവശ്യമായ നടപടികൾ പാർട്ടി സ്വീകരിക്കുമെന്ന് പാർട്ടി പ്രവർത്തകർക്ക് അയച്ച കത്തിൽ സോണിയ പറയുന്നു.

നിർധനരായ ഇതര സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രയ്ക്കുള്ള ചെലവ് ഓരോ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും വഹിക്കുമെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനമെടുത്തതായി കത്തിൽ പറയുന്നു. തൊഴിലാളികളുടെ സേവനത്തിനുളള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എളിയ സംഭാവനയാണിതെന്നും തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ട സമയമാണിതെന്നും കത്തിലുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളിൽനിന്നും ട്രെയിൻ ടിക്കറ്റ് നിരക്ക് ഈടാക്കണമെന്ന് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. അതത് സംസ്ഥാനങ്ങൾ തൊഴിലാളികളിൽനിന്നും ടിക്കറ്റ് നിരക്ക് ശേഖരിച്ച് റെയിൽവേയ്ക്ക് കൈമാറണമെന്നായിരുന്നു ശനിയാഴ്ച പുറത്തിറക്കിയ മാർഗ്ഗ നിർദേശത്തിൽ റെയിൽവേ അറിയിച്ചത്.

Read More: പ്രവാസികളെ ഈ ആഴ്ച മുതല്‍ തിരിച്ചെത്തിച്ച് തുടങ്ങും

ട്രെയിന്‍ യാത്രയ്ക്ക് പണം ഈടാക്കുന്നത് ബോധപൂര്‍വമാണെന്നും അടിയന്തര ആവശ്യമുള്ളവര്‍ക്ക് മാത്രം യാത്ര ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് പറഞ്ഞു. ”യാത്ര സൗജന്യമാക്കിയാൽ എല്ലാവരും യാത്രയ്ക്കായി എത്തും. ഇതിൽനിന്നും അടിയന്തര ആവശ്യമുളളവർ ആരൊക്കെയെന്ന് കണ്ടെത്തുക പ്രയാസമാണ്. കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെയും വിദ്യാർഥികളെയും അവരവരുടെ നാടുകളിലേക്ക് എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. ഈ ട്രെയിൻ സർവീസ് പൊതു യാത്രയ്ക്കുളളതല്ല. അതിനാൽ സാധാരണ നിരക്ക് മാത്രമാണ് ടിക്കറ്റിന് ഈടാക്കുന്നത്” യാദവ് ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു.

ഇതുവരെ 31 സ്‌പെഷ്യൽ ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളിൽനിന്നും സർവീസ് നടത്തിയത്. അടുത്ത 15 ദിവസത്തിനുളളിൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷ. കൂടുതൽ ട്രെയിൻ സർവീസുകൾ വേണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Read in English: Congress will bear train fare of migrant workers: Sonia Gandhi

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook