ന്യൂഡൽഹി: റഫാൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് റഫേൽ വിമാനങ്ങൾ എത്തിച്ചേർന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിലുണ്ടായ കാലതാമസത്തെയും വിമാനങ്ങളുടെ ഉയർന്ന വിലയെയും സംബന്ധിച്ച ചോദ്യങ്ങളിൽ കേന്ദ്ര സർക്കാർ മറുപടി നൽകേണ്ടതാണെന്ന് രാഹുൽ പറഞ്ഞു.
ഓരോ റഫാൽ ജെറ്റും 1,670 കോടി രൂപയ്ക്ക് സർക്കാർ വാങ്ങിയത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ സർക്കാർ കരാർ നൽകിയത് 526 കോടി രൂപയ്ക്ക് വിമാനം രാജ്യത്തെത്തിക്കാനായിരുന്നെന്ന് പറഞ്ഞ രാഹുൽ, എന്തിനാണ് ഓഫ്സെറ്റ് കരാർ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) പകരം “പാപ്പരായ” സ്വകാര്യ സ്ഥാപനത്തിന് നൽകിയതെന്നും ചോദിച്ചു.
Read More: റഫാൽ ഇന്ത്യൻ മണ്ണിൽ, സൈനിക ചരിത്രത്തിൽ പുതുയുഗം; ചിത്രങ്ങൾ
“റഫാലിന് വ്യോമസേനയെ അഭിനന്ദിക്കുന്നു. എന്നാൽ, കേന്ദ്ര സർക്കാർ പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതുണ്ട്. ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1670 കോടി രൂപ ചിലവാകുന്നത് എന്തുകൊണ്ട്? 126 ന് പകരം 36 വിമാനങ്ങൾ വാങ്ങിയത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് പാപ്പരായ അനിൽ അംബാനിയുടെ സ്ഥാപനത്തിന് എച്ച്‌എഎല്ലിന് പകരം 30,000 കോടി രൂപയുടെ കരാർ നൽകിയത്,” രാഹുൽ ട്വീറ്റിൽ ചോദിച്ചു
Read More: “നരേന്ദ്ര മോദിയുടേത് വ്യാജശക്തിമാന്‍ പ്രതിച്ഛായ; ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യം”: രാഹുല്‍ ഗാന്ധി
അതേസമയം വിമാനം എന്തുകൊണ്ടാണ് ഇന്ത്യയിൽ നിർമിക്കാത്തതെന്നും എന്തുകൊണ്ട് അവ അഞ്ച് വർഷം വൈകിയെന്നും എല്ലാ ദേശസ്നേഹികളും ചോദിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
“റഫാൽ ഇന്ത്യയിലെത്തിയതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വ്യോമസേനയുടെ ധീരരായ പോരാളികൾക്ക് അഭിനന്ദനങ്ങൾ. 526 കോടി രൂപയ്ക്ക് പകരം 1670 കോടി രൂപയ്ക്ക് ഓരോ റാഫേലും വാങ്ങിയതെന്തെന്ന് ഓരോ ദേശീയവാദിയും ചോദിക്കണം. 126 ന് പകരം 36 റാഫേലുകൾ മാത്രം വാങ്ങുന്നത് എന്തുകൊണ്ട്. എന്തുകൊണ്ടാണ് അവ ‘മെയ്ഡ് ഇൻ ഫ്രാൻസ്’ ആയത്, ‘മെയ്ഡ് ഇൻ ഇന്ത്യ’ അല്ലാത്തത്. എന്തുകൊണ്ടാണ് അഞ്ച് വർഷം വൈകുന്നത്,” സുർജേവാലയുടെ ട്വീറ്റിൽ ചോദിക്കുന്നു.
അഞ്ച് റഫാൽ വിമാനങ്ങളാണ് ആദ്യഘട്ടമായി ജൂലൈ 29ന് രാജ്യത്തെത്തിയത്. അംബാലയിലെ വ്യോമസേന താവളത്തിലാണ് ഇവ ലാൻഡ് ചെയ്തത്. 2021 അവസാനത്തോടെ കരാർ പ്രകാരമുള്ള എല്ലാ വിമാനങ്ങളും ഇന്ത്യയിലെത്തും.
Read More: Congress welcomes arrival of Rafale jets, but questions govt over delay and cost
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook