ലഖ്‌നൗ: ജാതി സംഘടനങ്ങളെ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ട ഉത്തർപ്രദേശിലെ സഹരൻപൂറിലേക്കുള്ള കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യാത്ര ശബിർപൂരിൽ അവസാനിച്ചു. ഇവിടെ ഒരു ഭക്ഷണശാലയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത കോൺഗ്രസ് ഉപാദ്ധ്യക്ഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിശിതമായി വിമർശിച്ചു.

ഇവിടം സന്ദർശിക്കരുതെന്ന് സഹരൻപൂർ എസ്എസ്‌പി യുടെ നിർദ്ദേശം മറികടന്നാണ് ഇന്ന് രാഹുൽ ഗാന്ധി സംഘർഷബാധിത പ്രദേശം സന്ദർശിക്കാനെത്തിയത്. ഹരിയാന-ഉത്തർപ്രദേശ് അതിർത്തിയിലെ ധാബയിൽ വച്ച് സംസാരിച്ച രാഹുൽ ഗാന്ധി ഇന്ത്യയിൽ ദളിതർക്കും സാധാരണക്കാർക്കും ഇടമില്ലെന്ന് പറഞ്ഞു. ദളിതരെ അടിച്ചമർത്തുന്ന നടപടി രാജ്യമൊട്ടാകെ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“രോഹിത് വെമുലയ്ക്ക് പിന്നാലെ ലക്ഷക്കണക്കിന് വരുന്ന ദളിതർ ഇന്ത്യയിൽ അടിച്ചമർത്തപ്പെടുകയാണ്. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനാണ്. അത് സർക്കാർ ശരിയായ വിധത്തിൽ ചെയ്യുന്നുണ്ടോ?” എന്ന് അദ്ദേഹം ചോദിച്ചു.

“എനിക്ക് പോകേണ്ടിയിരുന്നത് ശബിർപൂറിലേക്കായിരുന്നു. എന്നാൽ എനിക്കങ്ങോട്ടേക്കുള്ള പ്രവേശനം വിലക്കുകയാണ് ജില്ല ഭരണകൂടം ചെയ്തത്. ജില്ല ആശുപത്രിയിൽ പോയി പരിക്കേറ്റവരെ സന്ദർശിക്കുന്നതിനും എന്നെ വിലക്കി.” അദ്ദേഹം പറഞ്ഞു.

“ക്രമസമാധാന നില പരിപാലിക്കുന്നതിൽ സർക്കാർ പരായപ്പെട്ടു”വെന്ന് കുറ്റപ്പെടുത്തിയ രാഹുൽ ഗാന്ധി, “സാധാരണക്കാരും ദളിതരും ന്യൂനപക്ഷങ്ങളും കർഷകരും അടിച്ചമർത്തപ്പെടുകയാണെ”ന്നും പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് പുറമേ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനോടും ഈ പ്രദേശത്തേക്ക് പോകരുതെന്ന് സഹരൻപൂർ ജില്ല ഭരണകൂടം വിലക്കിയിട്ടുണ്ട്.

ഷബിർപൂറിലെ ദളിത് കുടുംബങ്ങളെ കാണാനായിരുന്നു കോൺഗ്രസ് ഉപാദ്ധ്യക്ഷന്റെ ശ്രമം. എന്നാൽ ഇത് നടന്നില്ല. അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു.

സഹരൻപൂർ സംഘർഷത്തെ രാഷ്ട്രീയ വത്കരിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി ആരോപിച്ചു. “ഉത്തർപ്രദേശിലെ പടിഞ്ഞാറൻ ജില്ലകളിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്”​എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചിരിക്കുന്നത്.

“സഹരൻപൂറിൽ സമാധാനം പുന:സ്ഥാപിച്ചിരുന്നു. ഈ സമയത്താണ് മായാവതി ഇവിടം സന്ദർശിച്ചത്. ഇതേ തുടർന്ന് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇപ്പോൾ ദുരന്ത സ്ഥലങ്ങളിൽ വിനോദസഞ്ചാരം നടത്തുന്ന രാഹുൽ ഗാന്ധിയും ഇവിടേക്ക് പുറപ്പെട്ടിരിക്കുകയാണ്” എന്ന് ഉത്തർപ്രദേശ് മന്ത്രി ശ്രീകാന്ത് ശർമ പറഞ്ഞു.

യോഗി ആദിത്യനാഥ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുവെന്നാണ് ബിജെപി ഉയർത്തിയിരിക്കുന്ന ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook