ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാതെ ദയനീയ പരാജയം നേരിട്ടതിന് പിന്നാലെ എട്ട് സീറ്റ് നേടിയ ബിജെപിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. ബിജെപിയുടെ അജ്ഞതകൊണ്ടാണ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നത് എന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. എന്നാൽ സ്വന്തം പാർട്ടിയുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കാനാണ് ട്വിറ്റർ ഉപയോക്താക്കൾ കോൺഗ്രസിനോട് ആവശ്യപ്പെടുന്നത്.

“ഉണരൂ ബിജെപി! നിങ്ങളുടെ അജ്ഞതയും കഴിവില്ലായ്മയും ഞങ്ങളെ സാമ്പത്തിക തകർച്ചയുടെ വക്കിലെത്തിച്ചു. അഹങ്കാരം ഉപേക്ഷിച്ച് ഇന്ത്യയിലെ ജനങ്ങൾക്കായി പ്രവർത്തിക്കാൻ തുടങ്ങുക,”കോൺഗ്രസ് ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു. ബിജെപിയുടെ വീഴ്ചകളെ ചൂണ്ടിക്കാട്ടിയുള്ള ഒരു വീഡിയോയും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ, തിങ്കളാഴ്ച രാജ്യസഭയിൽ മുൻ ധനമന്ത്രി പി ചിദംബരം നടത്തിയ പ്രസംഗത്തോടെയാണ് ആരംഭിക്കുന്നത്. പിന്നീട് പ്രത്യേകിച്ച് ഒരു സർവേയും ഉദ്ധരിക്കാതെ തൊഴിലില്ലായ്മയെക്കുറിച്ചും ജിഡിപി വളർച്ചയെക്കുറിച്ചും പറയുന്നു. സമ്പദ്‌വ്യവസ്ഥ ഐസിയുവിലാണെന്ന ചിദംബരത്തിന്റെ വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.