ന്യൂഡൽഹി: മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നവരെ ജയിലിലടച്ചാൽ അയാളുടെ കുടുംബത്തെ കേന്ദ്രം സാമ്പത്തികമായി സഹായിക്കണമെന്ന് കോൺഗ്രസ്. കുടുംബത്തിന്റെ അത്താണിയായവരെ ജയിലിലടച്ചാൽ അത് കുടുംബങ്ങളുടെ നാശത്തിന് കാരണമാകുമെന്നും ഇതാവരുത് ഒരു സർക്കാർ ചെയ്യേണ്ടതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിന് നാല് ദിവസം മുൻപ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ നേരിൽ കണ്ട് സമവായത്തിന് ബിജെപി നേതാക്കൾ ശ്രമിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദും വിജയ് ഗോയലുമാണ് ഗുലാം നബി ആസാദിനെ കണ്ടത്.

മുത്തലാഖ് ബില്ലിൽ കോൺഗ്രസിന് എതിർപ്പില്ലെന്നും വ്യവസ്ഥകളിലും ശിക്ഷകളിലുമാണ് എതിർപ്പെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ബിൽ ഇന്ന് വീണ്ടും രാജ്യസഭ പരിഗണിക്കും. അതേസമയം സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ബിൽ വിടണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക്‌സഭയിലെത്തിയത്. പുതിയ ബില്ലിനെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ് ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.

ഒറ്റയടിക്കു മൂന്നു തവണ തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബിൽ. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലിലുളളത്. വിവാഹ മോചനശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ