/indian-express-malayalam/media/media_files/2025/11/15/kharge-nd-rahul-2025-11-15-19-58-15.jpg)
എസ്‌ഐആറിനെതിരെ സമരം ശക്തമാക്കി കോൺഗ്രസ്
ന്യൂഡൽഹി: തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ സമരം ശക്തമാക്കാൻ കോൺഗ്രസ്. ഡിസംബർ ആദ്യവാരം ഡൽഹി റാം ലീല മൈതാനയിൽ വമ്പിച്ച റാലി നടത്താനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. എസ്ഐആർ നടക്കുന്ന 12 സംസ്ഥാനങ്ങളിലെയും നേതൃത്വവുമായി കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
"എസ്‌ഐആറിനെതിരെ ഞങ്ങൾ തെരുവിലിറങ്ങുകയാണ്. ഡിസംബർ ആദ്യവാരം, ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന രാംലീല മൈതാനിയിൽ കോൺഗ്രസ് പാർട്ടി ഒരു വമ്പിച്ച റാലി നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷനെ ഞങ്ങൾ തുറന്നുകാട്ടും. ഇന്ത്യൻ ജനാധിപത്യത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത രീതിയിൽ ജനാധിപത്യത്തെയും പ്രതിപക്ഷ പാർട്ടികളെയും ഇല്ലാതാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രമം."- കെസി വേണുഗോപാൽ പറഞ്ഞു.
ഹൈക്കമാൻഡ് നടത്തിയ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഖെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു. സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വോട്ടുകൾ ഇല്ലാതാക്കാനാണ് എസ്‌ഐആർ രൂപകൽപ്പന ചെയ്തത്. ബിഹാറിലും സംഭവിച്ചത് ഇതാണെന്നും വേണുഗോപാൽ പറഞ്ഞു.
Also Read:ബിഹാർ ജനത പതിനായിരം രൂപയ്ക്ക് തങ്ങളുടെ ഭാവി തുലയ്ക്കുമെന്ന് കരുതുന്നില്ല: പ്രശാന്ത് കിഷോർ
തികച്ചും അധാർമികവും ജനാധിപത്യവിരുദ്ധവുമായാണ് എസ്‌ഐആർ നടപ്പിലാക്കുന്നതെന്നും കെസി വേണുഗോപാൽ ആരോപിച്ചു. ജോലി സമ്മർദ്ദം കാരണം ബൂത്ത് ലെവൽ ഓഫീസർമാർ ആത്മഹത്യ ചെയ്യുന്നു. ആറ് മാസം മുതൽ ഒരുവർഷം വരെയുള്ള കാലയളവിൽ ചെയ്തുതീർക്കേണ്ട കാര്യം ഒറ്റ മാസം കൊണ്ട് നടപ്പിലാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ശ്രമിക്കുന്നതെന്നും വേണുഗോപാൽ ആരോപിച്ചു. എസ്‌ഐആർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയവും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
Also Read:ബിഹാർ നിയമസഭയിൽ മുസ്ലിം എംഎൽഎമാരുടെ പ്രാതിനിധ്യത്തിൽ വൻ കുറവ്
അതേസമയം,തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതു വരെ എസ്‌ഐആർ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സർക്കാരിനു വേണ്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. കെപിസിസി നേതൃത്വവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Read More:മോദിയുടെ രാംനാഥ് ഗോയങ്കെ പ്രഭാഷണത്തെ പ്രകീർത്തിച്ച് ശശി തരൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us