ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തും നിന്നും രാഹുൽ ഗാന്ധി രാജിവച്ചതോടെ പകരമാരെന്ന കാര്യത്തിൽ ചർച്ചകൾക്ക് രാജ്യതലസ്ഥാനം ഒരുങ്ങി കഴിഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കന്മാർ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് ഡൽഹിയിൽ തുടരുകയാണ്. ഇന്ന് തന്നെ ഇത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമാകുമെന്നാണ് റിപ്പോർട്ടുകൾ.

മല്ലികാർജുൻ ഖാർഗെയാണ് സാധ്യത പട്ടികയിൽ മുന്നിലുള്ള നേതാവ്. അഹമ്മദ് പട്ടേൽ ഉൾപ്പടെയുള്ള ദേശീയ നേതൃത്വത്തിലെ പ്രമുഖർ ഖാർഗെക്ക് ഒപ്പമാണ്. സുശീല്‍ കുമാർ ഷിന്‍ഡേയെ പരിഗണിക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ള നേതാക്കൾക്ക് ഈ അഭിപ്രായത്തോട് യോജിപ്പില്ല.

യുവനേതൃത്വം വളർന്ന് വരട്ടെയെന്നും ഒരു വിഭാഗം വാദിക്കുന്നു. സച്ചിന്‍ പൈലറ്റും, ജ്യോതിരാദിത്യ സിന്ധ്യയുമാണ് യുവനേതാക്കളിൽ മുന്നിൽ. കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചിരുന്നു. ഇത് അധ്യക്ഷ സ്ഥാനത്തേക്കുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് സൂചന. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതെന്നാണ് സിന്ധ്യ പറഞ്ഞത്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ രാജി തുടരുകയാണ്. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. നേട്ടം ഒരു സീറ്റില്‍ മാത്രം ഒതുങ്ങി. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയാകട്ടെ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമായ അമേഠിയില്‍ തോല്‍ക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച സാഹചര്യത്തില്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പുതിയ അധ്യക്ഷനാകാന്‍ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിന്ധ്യയുടെ പേരും അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സിന്ധ്യ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് ട്വിറ്ററിലൂടെയാണ് രാഹുൽ പുറത്തുവിട്ടത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി രാഹുൽ അറിയിച്ചു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ രാജി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന, ആയിരക്കണക്കിന് വരുന്ന അണികളുടെ വികാരം ഇതിനൊന്നിനും രാഹുല്‍ ഗാന്ധിയുടെ മനം മാറ്റാന്‍ സാധിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook