ഗാന്ധിനഗര്‍: ബിജെപി വിവിധ സമുദായങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം നേരിടുന്ന സാഹചര്യത്തിൽ വിശാലസഖ്യം രൂപീകരിക്കാൻ കോൺഗ്രസ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രീയ-സമുദായ നേതാക്കളുമായി ചർച്ച നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് പറയുന്നു.

സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്ന പട്ടിദാർ സമുദായത്തിന്റെ നേതാവ് ഹർദ്ദിക് പട്ടേൽ, ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ, ദലിത് മുന്നേറ്റ പ്രവർത്തകനും അംബേദ്‌കർ അനുയായിയുമായ ജിഗ്നേഷ് മേവാനി, ജനതാദൾ യുണൈറ്റഡ് നേതാവ് ഛോട്ടു വാസവ എന്നിവരുമായി നേതൃത്വം ചർച്ച നടത്തിയതായാണ് വിവരം.

ഗുജറാത്തിലെ കോൺഗ്രസ് അധ്യക്ഷൻ ഭരത് സോളങ്കി, ജനറൽ സെക്രട്ടറി അശോക് ഗെഹ്ലാട്ട് എന്നിവരുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അഹമ്മദ് പട്ടേലിനായിരുന്നു ഛോട്ടു വാസവ വോട്ട് ചെയ്തത്. ശരദ് യാദവ് നേതൃത്വം നല്‍കുന്ന ജനതാദള്‍ യുണൈറ്റഡ് വിഭാഗത്തിന്റെ ഗുജറാത്തിലെ പ്രധാന നേതാവാണ് ഛോട്ടു വാസവ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ