ന്യൂഡൽഹി: ആർഎസ്എസ് മാതൃകയിൽ സംഘടനാ സംവിധാനം ഉടച്ച് വാർക്കാൻ കോൺഗ്രസ്. പ്രേരക്മാരെ നിയമിച്ച് താഴേതട്ടിൽ സംഘടനാ പ്രവർത്തനം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. അഞ്ച് ജില്ലകൾ അടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാർ ഉണ്ടാകും. ഇവർ ഫുൾടൈം പ്രവർത്തകരായിരിക്കും. സെപ്റ്റംബർ മൂന്നിന് ചേർന്ന ശിൽപശാലയിലാണ് പാർട്ടിയുടെ സംഘടന സംവിധാനത്തിൽ മാറ്റം വരുത്താൻ തീരുമാനമായത്.

സെപ്റ്റംബർ അവസാനത്തിനുള്ളില്‍ പ്രേരക്മാരെ നിർദേശിക്കാൻ പിസിസികൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്. പുതിയ നീക്കം താഴെത്തട്ടില്‍ പാർട്ടിയെ പുനരുജീവിപ്പിക്കാൻ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിനോടുള്ള പ്രതിബദ്ധതയ്ക്ക് പുറമെ ജനങ്ങളെ മനസിലാക്കാനും ബഹുമാനിക്കാനും കഴിവുള്ളവരായിരിക്കണം പ്രേരക്മാർ, ഇതിന് വേണ്ട സംഘടനാ അനുഭവം ഇവർക്ക് ഉണ്ടായിരിക്കണമെന്ന് കുറിപ്പിൽ പറയുന്നു.

Also Read: തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 15 സീറ്റ്, എൽഡിഎഫിന് 11, ഒരു സീറ്റിൽ ബിജെപി

കോൺഗ്രസ്‌ ആർഎസ്‌എസിന്റെ മാതൃക പിന്തുടരണമെന്ന ഉപദേശവുമായി മുതിർന്ന കോൺഗ്രസ്‌ നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയ്‌ രംഗത്തെത്തിയിരുന്നു. അസമിൽ നിന്ന് തന്നെയുള്ള ഗൗരവ് ഗോഗോയാണ് യോഗത്തിലും വിഷയം അവതരിപ്പിച്ചത്. ഇതിന് മറ്റ് അംഗങ്ങൾ പിന്തുണ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വൻപരാജയമാണ് കോൺഗ്രസ് നേരിട്ടത്. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് വൻപരാജയമറിഞ്ഞു. ഇതിന് പിന്നാലെ രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.

Also Read: നയിക്കാൻ വീണ്ടും സോണിയ; മുന്നോട്ട് പോകാൻ ഒരടി പിന്നോട്ട് വച്ച് കോൺഗ്രസ്

രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ നയിക്കാൻ വീണ്ടും സോണിയ എത്തിയിരുന്നു. രാഹുൽ കോൺഗ്രസ് അധ്യക്ഷനാകുന്നതിന് മുമ്പും സോണിയ തന്നെയായിരുന്നു അധ്യക്ഷ സ്ഥാനത്ത്. 20 മാസത്തിന് ശേഷം വീണ്ടും അധ്യക്ഷയുടെ കുപ്പായം അണിഞ്ഞിരിക്കുകയാണ് സോണിയ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook