ഭോപ്പാല്‍: കാറിന് നേരെയുണ്ടായ കല്ലേറാക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരത്തിലുളള ആക്രമണങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച് കൊടുക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു. ‘കോണ്‍ഗ്രസ് എന്റെ രക്തത്തിനായി ദാഹിക്കുകയാണ്. മധ്യപ്രദേശില്‍ മുമ്പെങ്ങും ഇത്തരത്തില്‍ സംഭവിച്ചിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ ഭിന്നതകളേയും ഇത്തരത്തിലല്ല നേരിടേണ്ടത്’, ചൌഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായ കമല്‍ നാഥിനോടും ആണെന്റെ ചോദ്യം, പാര്‍ട്ടിയെ ഏത് വഴിയിലൂടെ കൊണ്ട് പോവാനാണ് നിങ്ങള്‍ നോക്കുന്നത്? നിങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങളും തൃപ്തരാണോ?’ ചൗഹാന്‍ ചോദിച്ചു.

ഞായറാഴ്ച്ച ആശിര്‍വാദ് യാത്രയ്ക്കിടെ ചൗഹാന്റെ വാഹനത്തിന് നേരെ കല്ലേറ് നടന്നിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളടക്കം 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ യാത്രയ്ക്കിടെയായിരുന്നു കല്ലേറ് നടന്നത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെ നേരിട്ട് പോരാടാന്‍ ശ്രമിക്കുന്നതായി അദ്ദേഹം വെല്ലുവിളിച്ചിരുന്നു. തന്റെ ഒപ്പം സംസ്ഥാനത്തെ ജനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുളള ബിജെപിയുടെ നാടകമാണിതെന്നും കോണ്‍ഗ്രസ് നേതാവ് അജയ് സിംഗ് തിരിച്ചടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook