ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തികെ വളർച്ചയെ അമേരിക്കയുടേതും ചൈനയുടേതുമായി താരതമ്യപ്പെടുത്തിയ ധനമന്ത്രി നിർമല സീതാരാമനെതിരെ കോൺഗ്രസ്. രാജ്യത്ത് ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യക്കു പുതിയ ധനമന്ത്രി വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്നും എന്നാല്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലാണെന്നുമാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. അമേരിക്കയും ജര്‍മ്മനിയും ചൈനയുമൊക്കെ തകര്‍ച്ചയിലാണെന്നും അവര്‍ പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാവും വക്താവുമായ സഞ്ജയ് ഝായാണ് നിർമല സീതാരാമനെതിരെ രംഗത്തെത്തിയത്. അമേരിക്കയെക്കാളും ചൈനയെക്കാളും ഭേദപ്പെട്ട നിലയിലാണ് ഇന്ത്യയെന്ന നിര്‍മലയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read: സാമ്പത്തിക മാന്ദ്യം: അമേരിക്കയും ചൈനയും തകര്‍ച്ചയില്‍, ഇന്ത്യ മെച്ചപ്പെട്ടനിലയിലെന്ന് കേന്ദ്ര ധനമന്ത്രി

‘ഇന്ത്യക്ക് അത്യാവശ്യമായി പുതിയൊരു ധനമന്ത്രിയെ ആവശ്യമുണ്ട്. ബഹുമാനപ്പെട്ട സ്ത്രീ പറഞ്ഞത് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം അമേരിക്കയെക്കാളും ചൈനയെക്കാളും കൂടുതലാണെന്നാണ്. പക്ഷേ മാഡം, 21 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ ആഭ്യന്തര ഉത്പാദനം. ചൈനയുടേത് 14.8 ലക്ഷം കോടിയും. ഇന്ത്യയുടേതാകട്ടെ, 2.8 ലക്ഷം കോടിയും’ സഞ്ജയ് ഝാ ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) ജിഎസ്ടി അതിവേഗ റീഫണ്ടിങ് ഉറപ്പാക്കുമെന്നാണ് നിമല സീതാരാമൻ പറഞ്ഞത്. കെട്ടിക്കിടക്കുന്ന റീഫണ്ടുകളെല്ലാം ഇന്നു മുതല്‍ 30 ദിവസത്തിനകം കൊടുത്തുതീര്‍ക്കും. ഇനി മുതല്‍ റീഫണ്ടിങ് 60 ദിവസത്തിനകം കൊടുത്തുതീര്‍ക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്‌സ് ഒഴിവാക്കി സംരംഭകര്‍ക്ക് ഇളവുകള്‍ നല്‍കുമെന്നും നിർമലാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook