ന്യൂഡൽഹി: അനധികൃത പണവുമായി പിടിയിലായ മൂന്നു ജാർഖണ്ഡ് എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്, നമാൻ ബിക്സൽ എന്നിവരാണ് സസ്പെൻഷനിലായത്. പശ്ചിമ ബംഗാളിൽ വച്ചാണ് കാറിൽ അനധികൃത പണവുമായി എംഎൽഎമാർ പിടിയിലായത്.
ജാർഖണ്ഡിലെ ജെഎംഎം-കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കോൺഗ്രസ് ഈ സംഭവത്തെ വിലയിരുത്തുന്നത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ചില എംഎൽഎമാരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി കോൺഗ്രസ് അവകാശപ്പെട്ടു. ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഘടകകക്ഷിയായ കോൺഗ്രസ് സർക്കാർ സുസ്ഥിരമാണെന്ന് പാർട്ടി അവകാശപ്പെട്ടു.
“സർക്കാരിന് ഒരു ഭീഷണിയുമില്ല. സർക്കാർ സുരക്ഷിതവും സുസ്ഥിരവുമാണ്. ഇതുപോലുള്ള ചില സംഭവങ്ങളെ തള്ളിക്കളയൂ … സർക്കാർ സുരക്ഷിതമാണ്,” ജാർഖണ്ഡിന്റെ ചുമതലയുള്ള എഐസിസി അംഗം അവിനാഷ് പാണ്ഡെ പറഞ്ഞു. സർക്കാരിനെ അധികാരത്തിൽനിന്നും താഴെ ഇറക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്നുണ്ട്. എംഎൽഎമാരെ സ്ഥിരമായി ബന്ധപ്പെടുകയും അവരെ വിലയ്ക്കെടുക്കാനുമുള്ള ശ്രമങ്ങൾ നിരന്തരം നടക്കുന്നുണ്ട്. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച ചില ബിജെപി നേതാക്കൾക്കെതിരെ ഏതാനും മാസം മുൻപ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം എംഎൽഎമാരും പാർട്ടിക്കൊപ്പമാണ്, എന്നാൽ ചിലർ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർ. പാർട്ടി നേതൃത്വത്തിന് അവരുടെ മുഴുവൻ വിവരങ്ങളുണ്ട്. ഉചിതമായ സമയത്ത് പാർട്ടി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ വൈകീട്ടാണ് മൂന്നു കോൺഗ്രസ് എംഎൽഎമാർ പശ്ചിമ ബംഗാളിലെ ഹൗര ജില്ലയിൽനിന്നും പൊലീസ് പിടിയിലായത്. ഇവരുടെ വാഹനത്തിൽനിന്നും പണവും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കാറില്‍നിന്നും പിടിച്ചെടുത്ത നോട്ടുകെട്ടുകൾ അരക്കോടിയോളം രൂപയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിന്റെ ചിഹ്നവും, എംഎല്‍എ ബോർഡും പതിച്ച കാറിലായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്.