ന്യൂഡല്‍ഹി: യുഎപിഎ ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസ് വോട്ടെടുപ്പ് സമയത്ത് അനുകൂലിച്ച് വോട്ട് ചെയ്തത് വിവാദത്തില്‍. രാജ്യസഭയില്‍ ഏതാനും കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ വിവാദങ്ങളും ഉടലെടുത്തു. 147 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഇടതുപക്ഷം അടക്കം 42 പേര്‍ ബില്ലിനെ പ്രതികൂലിച്ച് വോട്ട് രേഖപ്പെടുത്തി.

കോണ്‍ഗ്രസ് അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തത് വഞ്ചനാപരമെന്നാണ് ഇടതുപക്ഷം ആരോപിച്ചത്. അവസരവാദവും വഞ്ചനാപരവുമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ഇടതുപക്ഷ എംപിമാര്‍ ആരോപിച്ചു. വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാന്‍ സാധിക്കുന്നതാണ് യുഎപിഎ ഭേദഗതി ബില്‍. ചര്‍ച്ചയിലുടനീളം ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് എംപിമാര്‍ അടക്കം ബില്ലിനെതിരെ രേഖപ്പെടുത്തിയത്. എന്നാല്‍, വോട്ടെടുപ്പ് സമയമായപ്പോള്‍ ഏതാനും കോണ്‍ഗ്രസ് എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.

Read Also: ഇനി വ്യക്തികളെയും തീവ്രവാദികളായി പ്രഖ്യാപിക്കാം; യുഎപിഎ ബില്‍ രാജ്യസഭയും പാസാക്കി

കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയെല്ലാം ഭീകരവാദികളായി പ്രഖ്യാപിക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് ചര്‍ച്ചയ്ക്കിടെ ആരോപിച്ചിരുന്നു. ഒരിക്കലും ഭീകരവാദത്തെ പിന്തുണക്കുന്നില്ല എന്നും ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുന്നു എന്നും കോണ്‍ഗ്രസ് പറഞ്ഞു. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്ന നടപടിയെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയുള്ളത് ബിജെപിക്കാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. മസൂദ് അസ്ഹറിനെ വിട്ടുനല്‍കിയ നടപടി ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

നേരത്തെ ലോക്‌സഭ പാസാക്കിയ ബില്ലാണ് ഇന്ന് രാജ്യസഭ പാസാക്കിയത്. വ്യക്തികളെയും തീവ്രവാദികളായി പ്രഖ്യാപിക്കാം എന്നതാണ് ബില്ലിലെ ഏറ്റവും വലിയ പ്രത്യേകത. രാഷ്ട്രപതി ഒപ്പുവച്ചാല്‍ ബില്‍ നിയമമാകുകയും പ്രാബല്യത്തില്‍ വരികയും ചെയ്യും. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

ബില്‍ ദുരുപയോഗിക്കില്ലെന്നും ബില്ലിനെ മുന്‍നിര്‍ത്തി മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തില്ലെന്നും ബില്‍ അവതരണവേളയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തീവ്രവാദത്തിന് മതമില്ല. തീവ്രവാദം ഒരു പ്രത്യേക പാര്‍ട്ടിക്കോ വ്യക്തിക്കോ എതിരല്ല. മറിച്ച് മനുഷ്യവംശത്തിന് തന്നെ എതിരാണ്. അതിനാല്‍ ബില്ലിനെ എല്ലാവരും പിന്തുണക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. സംഘടനകള്‍ നിരോധിക്കുമ്പോള്‍ അതിലുള്‍പ്പെട്ട ആളുകള്‍ മറ്റൊരു സംഘടനയുണ്ടാക്കി പിന്നെയും പ്രവര്‍ത്തിക്കുന്നു. അത് കൊണ്ടാണ് വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook