ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കോൺഗ്രസ് പിന്തുണ തേടുന്നതിൽ പാർട്ടിക്കകത്ത് എതിർപ്പ് ഉയരുന്നു. ഈ സാഹചര്യത്തിൽ യച്ചൂരി മൽസരത്തിൽനിന്നും പിന്മാറിയേക്കുമെന്നാണ് സൂചന. രണ്ടു തവണ രാജ്യസഭാംഗമായിട്ടുള്ളതിനാലും സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്നതിനാലും യച്ചൂരി വീണ്ടും മത്സരക്കുന്നതിനോട് എതിർപ്പുളളവരും പാർട്ടിക്കുളളിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ സീതാറാം യച്ചൂരിയെ കോൺഗ്രസ് പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. പിന്തുണ തേടി യച്ചൂരി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടു. ഓഗസ്റ്റിലാണ് യച്ചൂരിയുടെ കാലാവധി കഴിയുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎം കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിന്റെയോ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയോ പിന്തുണയില്ലാതെ ബംഗാളിൽനിന്നുളള എംപിയായ യച്ചൂരിക്കു രാജ്യസഭയിലെത്താൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് പിന്തുണ തേടി രാഹുൽ ഗാന്ധിയെ സന്ദർശിച്ചത്. കോൺഗ്രസ് പശ്ചിമ ബംഗാൾ ഘടകം നേരത്തെ തന്നെ യച്ചൂരിക്ക് പിന്തുണ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ