ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് നടൻ അക്ഷയ് കുമാറിന് നൽകിയ അഭിമുഖത്തെ കളിയാക്കി കോൺഗ്രസ്. പരാജിതനായ രാഷ്ട്രീയക്കാരൻ ബോളിവുഡിൽ തനിക്ക് അവസരം ലഭിക്കുമോയെന്ന് നോക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
”അക്ഷയ് കുമാർ നല്ലൊരു നടനാണ്, ഞങ്ങൾക്കെല്ലാം അദ്ദേഹത്തെ ഇഷ്ടമാണ്. കരിയറിൽ വിജയം നേടിയ വ്യക്തിയാണ്. എന്നാൽ രാഷ്ട്രീയത്തിൽ പരാജിതനും, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുകയും, തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുകയും, ഇന്ത്യയിലെ കർഷകരുടെയും പാവങ്ങളുടെയും ജീവിതം നരക തുല്യമാക്കുകയും ചെയ്ത വ്യക്തി അക്ഷയ് കുമാറിനെക്കാൾ മികച്ച നടനാവാൻ ശ്രമിക്കുകയാണ്,” സുർജേവാല പരിഹസിച്ചു.
Read: മമതാ ദീദി കുർത്തകൾ വാങ്ങി അയയ്ക്കാറുണ്ട്, ബരാക് ഒബാമ അടുത്ത സുഹൃത്ത്: നരേന്ദ്ര മോദി
”മേയ് 23 ന് ജനങ്ങൾ പുറത്താക്കാൻ പോകുന്ന പരാജിതനായ രാഷ്ട്രീയക്കാരൻ വേറെ മാർഗമൊന്നുമില്ലാത്തതിനാൽ ബോളിവുഡിൽ തനിക്ക് പറ്റിയ അവസരമുണ്ടോയെന്ന് നോക്കുകയാണ്. മോദിയെപ്പോലെ പരാജിതനായ ഒരു രാഷ്ട്രീയക്കാരന് ചിലപ്പോൾ ബോളിവുഡിൽ നല്ലൊരു നടനായി മാറാൻ കഴിഞ്ഞേക്കാം. അഭിമുഖത്തിൽ അക്ഷയ് കുമാറിനെക്കാൾ മികച്ച നടനാവാനാണ് മോദി ശ്രമിച്ചത്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ പരാജയപ്പെട്ടപോലെ മോദി ഇവിടെയും പരാജിതനായി,” സുർജേവാല പറഞ്ഞു..