/indian-express-malayalam/media/media_files/uploads/2023/10/3-6.jpg)
സമാജ് വാദി പാർട്ടി ഏഴിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ, ഈ മണ്ഡലങ്ങൾ ഉൾപ്പെടുന്ന നാല് സീറ്റുകളിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.
മധ്യപ്രദേശിൽ ഇന്ത്യ മുന്നണിക്ക് തിരിച്ചടിയായി ലോക്സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം. കോൺഗ്രസ്, സമാജ് വാദി പാർട്ടികൾക്കിടയിലാണ് സീറ്റ് വിഭജനം സംബന്ധിച്ച അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കുന്നത്. നേരത്തെ സമാജ്‌വാദി പാർട്ടി (എസ് പി) ഏഴിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ, ഈ മണ്ഡലങ്ങൾ ഉൾപ്പെടുന്ന നാല് സീറ്റുകളിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. ഇതിൽ പ്രകോപിതരായ എസ് പി വീണ്ടും 9 ഇടത്ത് കൂടി സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിത്രാംഗി, മെഹ്ഗാവ്, ഭന്ദർ, രാജ്‌നഗർ എന്നിവയാണ് തർക്കം നിലനിൽക്കുന്ന നാല് സീറ്റുകൾ. കഴിഞ്ഞ തവണ മെഹ്ഗാവ്, ഭന്ദർ, രാജ്നഗർ എന്നിവിടങ്ങളിൽ കോൺഗ്രസ് വിജയിച്ചിരുന്നു. 2018ൽ പാർട്ടി വിജയിച്ച ഛത്തർപൂർ ജില്ലയിലെ ബിജാവാറിൽ നിന്ന് ഒരു സ്ഥാനാർത്ഥിയെ നിർത്തിയതിൽ ഭോപ്പാലിലെയും ലഖ്‌നൗവിലെയും എസ്പി നേതൃത്വം കോൺഗ്രസിനോട് അതൃപ്തരാണ്. എസ് പി ഇതുവരെ അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്ത് കോൺഗ്രസുമായുള്ള സഖ്യത്തിനുള്ള എല്ലാ സാധ്യതകളും അവസാനിച്ചതായി എസ് പിയുടെ മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷൻ രാമായൺ സിങ് പട്ടേൽ പറഞ്ഞു. “ഞങ്ങൾ കോൺഗ്രസ് നേതൃത്വവുമായി സംസാരിച്ചു. പക്ഷേ എല്ലാം ഞായറാഴ്ച പൊളിഞ്ഞു. ഞങ്ങൾ ഒറ്റയ്ക്ക് സീറ്റുകളിൽ മത്സരിക്കും. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കും," രാമായൺ സിങ് കൂട്ടിച്ചേർത്തു.
ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് താൽപ്പര്യമില്ലെന്ന് അഖിലേഷ് യാദവിനോട് അടുപ്പമുള്ള ഒരു മുതിർന്ന എസ് പി നേതാവ് ആരോപിച്ചു. ഞങ്ങൾ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും ബിജെപിയെ പരാജയപ്പെടുത്താൻ സഖ്യമുണ്ടാക്കാൻ അവർക്ക് താൽപ്പര്യമില്ലെന്ന് പാർട്ടി ഭാരവാഹി പറഞ്ഞു.
"ബിജെപിയെ അല്ല, എസ് പിയെ പരാജയപ്പെടുത്തുകയാണ് അവരുടെ പ്രാഥമിക ലക്ഷ്യം. കോൺഗ്രസുമായുള്ള സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയാണെങ്കിലും എംപിയിൽ ഒറ്റയ്ക്ക് മത്സരിക്കും. കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടന്നിരുന്നു, ഞങ്ങൾക്ക് 10 സീറ്റുകൾ വേണം. അവർ കുറച്ച് സീറ്റുകൾ വാഗ്ദാനം ചെയ്തു. ഞങ്ങളുടെ പാർട്ടിയെ അവഗണിച്ച് അവർ പെട്ടെന്ന് നിരവധി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഒരു സഖ്യം ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടത്," എസ് പി നേതാവ് വിമർശിച്ചു.
മധ്യപ്രദേശിൽ പാർട്ടി 30-35 സ്ഥാനാർത്ഥികളെ നിർത്തുമെന്ന് എസ് പി നേതാവ് പറഞ്ഞു. ബിജാവർ മണ്ഡലത്തിൽ ചരൺ സിംഗ് യാദവിനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് തീരുമാനമാണ് എസ് പി നേതൃത്വത്തെ വേദനിപ്പിച്ചത്. ബുന്ദേൽഖണ്ഡിലെ മുതിർന്ന എസ്പി നേതാവായ ദീപ് നാരായൺ യാദവിന്റെ ബന്ധുവാണ് ചരൺ സിങ്. 2018ൽ എസ് പി വിജയിച്ച ഒരു സീറ്റിൽ കോൺഗ്രസിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതും, മത്സരിക്കാൻ തയ്യാറെടുക്കുന്നതും വേദനാജനകമാണ്. അവർ ഞങ്ങളോട് കൂടിയാലോചിക്കുകയോ ഞങ്ങളോട് സംസാരിക്കുകയോ ചെയ്തിട്ടില്ല. പകരം അവരുടെ സ്ഥാനാർത്ഥിയെ നിർത്തി,”എസ് പി നേതാവ് പറഞ്ഞു.
തർക്ക മണ്ഡലമായ ബിജാവാറിൽ യാദവ, ബ്രാഹ്മണ വോട്ടുകളാണ് കൂടുതലുള്ളത്. 2018ൽ അവിടെ എസ് പിയുടെ രാജേഷ് കുമാർ ശുക്ലയാണ് വിജയിച്ചത്. 2020ൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ തകർന്നതിന് ശേഷം, അദ്ദേഹം ബിജെപിയിലേക്ക് മാറിയിരുന്നു. തങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സീറ്റാണിതെന്നാണ് എസ് പി അവകാശപ്പെടുന്നത്.
അതേസമയം, സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി ഹൈക്കമാൻഡ് ആണെന്ന് മധ്യപ്രദേശ് കോൺഗ്രസ് വക്താവ് പിയൂഷ് ബാബെലെ പറഞ്ഞു. “വിജയിക്കാവുന്നതിലും കൂടുതൽ സീറ്റുകൾ നേടാനാണ് എസ്പി ശ്രമിക്കുന്നത്. അവർക്ക് മധ്യപ്രദേശിൽ അവർക്ക് കാലുറപ്പിക്കാനാകുന്നില്ല. അവർ എങ്ങനെയാണ് ഇത്രയധികം സീറ്റുകൾ പ്രതീക്ഷിക്കുന്നത്? എസ് പി എതിർപ്പ് അറിയിക്കുന്ന സീറ്റിലാകട്ടെ അവരുടെ എംഎൽഎ ബിജെപിയിൽ ചേർന്നിരുന്നു. തർക്കം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ അവർക്ക് കാലിടറിയ അവസ്ഥയിൽ, അടിസ്ഥാന യാഥാർത്ഥ്യങ്ങൾ എന്താണെന്ന് എസ്പി മനസ്സിലാക്കേണ്ടതുണ്ട്” പിയൂഷ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.