ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വിമതരായ സചിന്‍ പൈലറ്റും മറ്റു എംഎല്‍എമാരും ഉയര്‍ത്തിയ പരാതികള്‍ പഠിക്കുന്നതിന് കോണ്‍ഗ്രസ് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും സചിന്‍ സന്ദര്‍ശിച്ചശേഷമാണ് തീരുമാനം ഉണ്ടായത്. ഓഗസ്റ്റ് 14-ന് നടക്കുന്ന നിര്‍ണായക നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സചിന്‍ പക്ഷവും മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് പക്ഷവും യോജിപ്പിലെത്തിയേക്കുമെന്ന സൂചനയാണ് വരുന്നത്.
കോണ്‍ഗ്രസിന്റേയും രാജസ്ഥാന്‍ സര്‍ക്കാരിന്റേയും താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സചിന്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയെന്ന് എഐസിസി സംഘടനാ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തന്റെ പരാതികള്‍ രാഹുലിനെ വിശദമായി സചിന്‍ ധരിപ്പിച്ചു. തുറന്ന ചര്‍ച്ചയാണ് നടന്നത്, അദ്ദേഹം പറഞ്ഞു.
സചിന്റെ പരാതികള്‍ പഠിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് തീരുമാനിച്ചത്.
പാര്‍ട്ടി നേതൃത്വം ക്ഷമിച്ചാല്‍ വിമതരെ തിരികെ സ്വാഗതം ചെയ്യുമെന്ന് ഗഹ്ലോട്ട് പറഞ്ഞതിനെ തുടര്‍ന്നാണ് ഇരുപക്ഷവും തമ്മിലെ മഞ്ഞുരുകല്‍ ആരംഭിച്ചത്. കൂടാതെ, സര്‍ക്കാരനെ അട്ടിമറിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകള്‍ പിന്‍വലിക്കുകയും ചെയ്തു.
18 എംഎല്‍എമാരാണ് സചിനൊപ്പം വിമത ശബ്ദം ഉയര്‍ത്തിയത്. വിമതനായതിനെ തുടര്‍ന്ന് സചിന്‍ ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവിയും നഷ്ടപ്പെട്ടിരുന്നു.