ഷില്ലോംഗ്: മേഘാലയയിൽ തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഗവർണറെ കണ്ടു. അഹമ്മദ് പട്ടേലും കമൽനാഥും അടക്കമുളള നേതാക്കളാണ് മേഘാലയയിൽ ഗവർണർ ഗംഗ പ്രസാദിനെ കണ്ടത്.

ഇക്കാര്യം കമൽനാഥ് സ്ഥിരീകരിച്ചു. 60 അംഗ നിയമസഭയിൽ 21 അംഗങ്ങളാണ് കോൺഗ്രസിനുളളത്. വലിയ ഒറ്റക്കക്ഷിയാണെങ്കിലും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് ഇനിയും 10 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.

അതേസമയം രണ്ട് സീറ്റിൽ വിജയിച്ച ബിജെപി ഇവിടെ പിഎ സാംഗ്മയുടെ നേതൃത്വത്തിലുളള നാഷണൽ പീപ്പിൾസ് പാർട്ടിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. 19 സീറ്റാണ് ഇവർക്കുളളത്. ബിജെപിയുടെ 2 സീറ്റ് കൂടിയാകുമ്പോൾ സഖ്യത്തിന് 21 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇവർക്കും പത്തംഗങ്ങളെ കൂടെക്കൂട്ടിയാൽ സർക്കാർ രൂപീകരിക്കാം.

അതേസമയം ചെറുകക്ഷികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവരുടെ നിലപാട് സംസ്ഥാനത്ത് നിർണ്ണായകമാകും. യുഡിപിക്ക് ആറും പിഡിഎഫിന് നാലും സീറ്റുകളാണ് ഉളളത്.

മൂന്ന് സ്വതന്ത്രരും മറ്റ് കക്ഷികളിൽ നിന്നായി നാല് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ