ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭയിൽ കോൺഗ്രസിന്റെ അംഗബലം കുറയും, എന്നാൽ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ ഉണ്ടാവില്ല എന്നതാണ് പാർട്ടിയെ വലയ്ക്കുന്ന പ്രധാന ആശങ്ക. 17 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും കോൺഗ്രസിന് രാജ്യസഭയിൽ എംപിമാർ ഉണ്ടാവില്ല.
മാർച്ച് അവസാനം രാജ്യസഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ 33 ആയിരുന്നു. നാല് അംഗങ്ങൾ ഇതിനകം വിരമിച്ചു കഴിഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിൽ ഒമ്പത് പേർ കൂടി വിരമിക്കും.
തിരഞ്ഞെടുപ്പിന് ശേഷം ആകെ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 30 ആയി കുറയും, രാജ്യസഭയിലെ എക്കാലത്തെയും ഏറ്റവും കുറഞ്ഞ അംഗസംഖ്യ ആയിരിക്കുമിത്. ഒഴിവു വരുന്ന ആറ് സീറ്റുകളിൽ ഒന്ന് ഡിഎംകെ നൽകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ അംഗങ്ങളുടെ എണ്ണം 31 ആകും.
എന്നാൽ ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്ന് പാർട്ടിക്ക് രാജ്യസഭാ പ്രാതിനിധ്യം ഉണ്ടാകില്ല.

കൂടാതെ, ആദ്യമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനങ്ങളിൽ നിന്നും പ്രാതിനിധ്യം ഉണ്ടാകില്ല. 2019 ൽ രാജസ്ഥാനിലേക്ക് മാറുന്നതുവരെ അസമിൽ നിന്നുള്ള എംപിയായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്.
തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് ലഭിക്കുന്ന 30 അല്ലെങ്കിൽ 31 സീറ്റുകളിൽ ഏറ്റവും കൂടുതൽ, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ്, കർണാടക എന്നിവിടങ്ങളിൽനിന്നായിരിക്കും. രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വീതവും ഛത്തീസ്ഗഡിൽ നിന്ന് നാലും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതവും പശ്ചിമ ബംഗാൾ, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം അംഗങ്ങളും ഉണ്ടാകും. ബിഹാർ, കേരളം, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോ അംഗങ്ങളാണ് ഉണ്ടാവുക.
ലോക്‌സഭയിലും സമാന സ്ഥിതിയാണ്. ഹരിയാന, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസിന് ലോക്‌സഭാ പ്രാതിനിധ്യമില്ല.
ലോക്‌സഭയിൽ ആകെയുള്ള 53 അംഗങ്ങളിൽ 28 പേരും ദക്ഷിണേന്ത്യൻ സംസ്ഥനങ്ങളിൽ നിന്നാണ്. കേരളത്തിൽ നിന്ന് 15, തമിഴ്‌നാട്ടിൽ നിന്ന് എട്ട്, തെലങ്കാനയിൽ നിന്ന് മൂന്ന്, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവുമാണ് ലോക്‌സഭയിൽ ഉള്ളത്. ഉത്തരേന്ത്യയിൽ പഞ്ചാബ് മാത്രമാണ് കാര്യമായ രീതിയിൽ കോൺഗ്രസിനൊപ്പം നിന്നത്, എട്ട് അംഗങ്ങളെ സംസ്ഥാനത്ത് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്തയച്ചു.
അസമിൽ നിന്ന് മൂന്ന് എംപിമാരും ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും രണ്ട് വീതം എംപിമാരുമാണ് കോൺഗ്രസിനുള്ളത്. മറ്റ് പല സംസ്ഥാനങ്ങളിലും നിന്നും ഒരു എംപി മാത്രമാണുള്ളത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ബീഹാർ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
Also Read: പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പിലേക്ക്; ഇമ്രാൻ ഖാൻ 15 ദിവസം കൂടി തുടരും