/indian-express-malayalam/media/media_files/uploads/2018/12/rahul-deedc-Cover-9geddqpj443o7nf5jhgj1141s4-20160215133733.Medi-002.jpeg)
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നതില്‍ കോണ്‍ഗ്രസ് നാണിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുഎന്നിന് നല്‍കിയ പരാതിയിലാണ് പാക്കിസ്ഥാന്‍ രാഹുലിന്റെ പ്രസ്താവന പരാമര്‍ശിച്ചത്. പലരും സര്‍ക്കാരിനെ പിന്തുണക്കുമ്പോഴും ചിലര്‍ മാത്രം നീക്കത്തെ വിമര്‍ശിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
''കോണ്‍ഗ്രസ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള നീക്കത്തെ എതിര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ഓരോ പ്രസ്താവനയും പാക്കിസ്ഥാനില്‍ ആഘോഷിക്കപ്പെടുകയാണ്. അദ്ദേഹത്തിന്റെ പ്രസ്താവന പാക്കിസ്ഥാന്‍ പരാതിയിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പ്രസ്താവനകള്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണം'' ഷാ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഭീകരവാദത്തിന്റെ ശവപ്പെട്ടിയില്‍ അടിച്ച അവസാനത്തെ ആണിയാണെന്നും ഷാ പറഞ്ഞു. സംസ്ഥാനത്ത് വികസനം എത്തിക്കാന്‍ നീക്കം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ ജനങ്ങള്‍ മരിച്ചു വീഴുകയാണെന്ന രാഹുലിന്റെ പ്രസ്താവനയാണ് പാക്കിസ്ഥാന്‍ യുഎന്നിന് നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ പ്രശ്നങ്ങളില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണെന്നും ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യന്‍ സൈന്യം നടത്തിയ ബാലക്കോട്ട് ആക്രമണത്തിന്റെയും സര്‍ജിക്കല്‍ സ്ട്രൈക്കിന്റെയും ആധികാരികത കോണ്‍ഗ്രസ് ചോദ്യം ചെയ്തെന്നും ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്‍ക്കൊപ്പമാണ് രാഹുല്‍ഗാന്ധി അണിനിരക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.