ന്യൂഡൽഹി: നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ വിവാദം അവസാനിക്കുന്നതിന് മുമ്പ് പരസ്യ പ്രതികരണവുമായി മുതിർന്ന നേതാക്കൾ രംഗത്ത്. കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ പറഞ്ഞപ്പോൾ നിലവിലെ സ്ഥിതി തുടർന്നാൽ അടുത്ത 50 വർഷവും കോൺഗ്രസ് പ്രതിപക്ഷത്ത് തന്നെയായിരിക്കുമെന്ന് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സിബല്‍ ഉള്‍പ്പെടെ 23 നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. കപിൽ സിബലും ഗുലാം നബി ആസാദുമടക്കമുള്ള നേതാക്കളാണ് പാർട്ടി അധ്യക്ഷയ്ക്ക് കത്ത് നൽകിയത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മുഴുവൻ സമയ നേതാവിനെയാണ് പാർട്ടിക്ക് ആവശ്യമെന്ന് നിലപാട് കപിൽ സിബൽ ആവർത്തിച്ചത്. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഗുലാം നബി ആസാദ് സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കിയത്.

“ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ തകര്‍ത്ത സര്‍ക്കാരിനെതിരെ പോരാടാന്‍ കോണ്‍ഗ്രസ് നിലകൊള്ളേണ്ടതുണ്ട്. ഗാന്ധി കുടുംബത്തെ ഉള്‍പ്പെടെ ആരെയും താഴ്ത്തിക്കെട്ടാനല്ല കത്തയച്ചത്. ഇതുവരെയുള്ള ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലും പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷപ്പെടുത്തലാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസിനെ പുനര്‍ജീവിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കും പങ്കുചേരേണ്ടതുണ്ട്.” കപിൽ സിബൽ പറഞ്ഞു.

ചരിത്രപരമായ തകര്‍ച്ചയിലാണ് നിലവില്‍ കോണ്‍ഗ്രസ് ഉള്ളതെന്ന് കപിൽ സിബൽ പറഞ്ഞു. 2014 ലേയും 2019 ലേയും തിരഞ്ഞെടുപ്പുകള്‍ അതാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനാ തിരഞ്ഞെടുപ്പ്‌ 15 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നടക്കേണ്ടതായിരുന്നുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. “കഴിഞ്ഞ കുറച്ച്‌ ദശകങ്ങളായി പാര്‍ട്ടിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതൃസംവിധാനമില്ല. ഇപ്പോഴാകട്ടെ പല തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതില്‍നിന്നൊക്കെ മാറ്റം കൊണ്ടുവരാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന് സംഘടനാ തിരഞ്ഞെടുപ്പാണ് ഒരുവഴി,” ഗുലാം നബി ആസാദ് പറയുന്നു.

തോല്‍വി ഭയന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ചിലര്‍ ആ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാണ് ശ്രമിക്കുന്നത്. നാമനിര്‍ദ്ദേശത്തിലൂടെ പ്രവര്‍ത്തക സമിതി അംഗങ്ങളായവരാണ് അവരെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. തന്റെ ആവശ്യത്തെ എതിര്‍ക്കുന്ന പാര്‍ട്ടി ഭാരവാഹികള്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നാല്‍ പിന്നീട് ആ സ്ഥാനത്തുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook