ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുളള സഖ്യത്തിൽ കോൺഗ്രസ് ഒൻപതിടത്ത് മത്സരിക്കും. സീറ്റുകളുടെ കാര്യത്തിൽ ധാരണയായി. ഡിഎംകെ 20 മുതൽ 25 വരെ സീറ്റിൽ മത്സരിക്കും. തമിഴ്‌നാട്ടിൽ 39 ഉം പുതുച്ചേരി സീറ്റിലുമാണ് മത്സരം.

തമിഴ്‌നാട്ടിൽ ഒൻപതിടത്തും പുതുച്ചേരിയിലും കോൺഗ്രസ് മത്സരിക്കും. ഇതോടെ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം പത്താകും. ഡിഎംകെ യും മറ്റ് കക്ഷികളുമാണ് ശേഷിക്കുന്ന 30 സീറ്റുകളിൽ മത്സരിക്കുന്നത്. സിപിഎം, സിപിഐ തുടങ്ങിയ കക്ഷികളാണ് സഖ്യത്തിലുളള മറ്റ് പാർട്ടികൾ.

കോൺഗ്രസ് നേതാവ് മുകുൾ വാസ്നികും ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റുകൾ സംബന്ധിച്ച് ധാരണയായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഡിഎംകെയ്ക്കും സംസ്ഥാനത്ത് ഒറ്റ സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല.

അണ്ണാ ഡിഎംകെ 39 സീറ്റിൽ 37 ലും വിജയിച്ചത് ജയലളിതയുടെ നേതൃത്വത്തിലായിരുന്നു. ലോക്സഭയിൽ ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ മൂന്നാമത്തെ വലിയ ഒറ്റകക്ഷിയാണ് അണ്ണാ ഡിഎംകെ. അണ്ണാ ഡിഎംകെ പക്ഷെ ഇക്കുറി 23 സീറ്റിലേ മത്സരിക്കൂ. ബിജെപിയും പിഎംകെയുമായി സഖ്യത്തിൽ മത്സരിക്കാനാണ് അണ്ണാ ഡിഎംകെ നേതാക്കൾ തീരുമാനിച്ചത്.

ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 21 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. ദിനകരനൊപ്പം പോയ 18 അണ്ണാ ഡിഎംകെ എംഎൽഎ മാരെ അയോഗ്യരാക്കിയതാണ് ഭരണപക്ഷത്തിന് കൂടുതൽ പ്രഹരമായത്. ജനവിധി അനുകൂലമല്ലെങ്കിൽ സംസ്ഥാനത്ത് അണ്ണാ ഡിഎംകെയ്ക്ക് ഭരണത്തിൽ തുടരാനാവില്ല.

.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook